DISTRICT NEWS

പണം കൊണ്ടുളള ഓൺലൈൻ റമ്മി നിരോധിക്കാൻ വീണ്ടും സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പണം കൊണ്ടുളള ഓൺലൈൻ റമ്മി നിരോധിക്കാൻ വീണ്ടും സംസ്ഥാന സർക്കാർ ശ്രമം. കഴിഞ്ഞ വർഷം ഓൺലൈൻ റമ്മി സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ നിരോധനം ഹൈക്കോടതി റദ്ദാക്കി. എന്നാൽ ഗെയിമിലൂടെ ലക്ഷങ്ങൾ നഷ്ടമായവരിൽ ചിലർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനുളള നിയമഭേദഗതിക്ക് സർക്കാർ ശ്രമിക്കുന്നത്.

1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്‌ഷൻ 3ൽ ഭേദഗതി വരുത്താനാണു സർക്കാർ നീക്കം. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു വകുപ്പിൽ നിന്നും ലഭിച്ച മറുപടി.

കേരള ഗെയിമിങ് നിയമം 14–ാം വകുപ്പനുസരിച്ച് ‘ഗെയിം ഓഫ് സ്കിൽ’ ആയാൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ സാധിക്കില്ല. ഈ വകുപ്പിൽ റമ്മിയും ഉൾപ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ. പണം വച്ചുള്ള കളി ആയതിനാൽ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാൻസ്) പരിധിയിൽ വരുമെന്ന ഭേദഗതിയാണ് കൊണ്ടുവരിക. ഒരു വർഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കിൽ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും.

2021 ഫെബ്രുവരിയിലാണു സംസ്ഥാന സർക്കാർ ഓൺലൈൻ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറിൽ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി ആണ് റമ്മിയെന്നും കളിക്കുന്നത് ഓൺലൈൻ പ്ലാറ്റ് ഫോമിലാണ് എന്നീ കാരണങ്ങളാൽ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണ് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. വൈദഗ്ധ്യം വേണ്ട ഗെയിമുകൾ ചൂതാട്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. വൈദഗ്ധ്യാധിഷ്ഠിത ഗെയിമുകൾ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്നാണ് കേന്ദ്രനിയമം. ഇത് മുതലെടുത്താണ് ഓൺലൈൻ മരണക്കളി തുടരുന്നത്. റമ്മി കളിച്ചതിലൂടെ ഉണ്ടായ നഷ്ടം കാരണമാണ് കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകൾ ഉണ്ടായതെന്നാണ് പൊലീസിന്റെ കണക്ക്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button