എച്ച് വൺ എൻ വൺ ജാഗ്രത തുടരും -ഡി. എം. ഒ.
കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിൽ എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തത് മുതൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുകയാണെന്ന് ഡി. എം. ഒ. ഡോക്ടർ ജയശ്രീ വി. അറിയിച്ചു.
ആനയാംകുന്ന് സ്കൂളിലും, കാരശ്ശേരി പി. എച്. സി. യിലും ഇപ്പോഴും സ്ക്രീനിങ് ക്യാമ്പ് തുടരുന്നുണ്ട്. കൂടാതെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജില്ലാ കാൾ സെന്ററും പ്രവർത്തിച്ചു വരുന്നുണ്ട്.
ഗൃഹ സന്ദർശനം രണ്ടാം റൗണ്ട് ആരംഭിച്ചു. ഒന്നാം റൗണ്ടിൽ 7653 വീടുകളിൽ ആരോഗ്യ-ആശ പ്രവർത്തകർ സന്ദർശിച്ചു. രണ്ടാം റൗണ്ടിൽ 1825 വീടുകളും സന്ദർശിച്ചു. ഇതുവരെ പനിയുള്ള 71 പേരെ പി. എച്ച്. സി. യിലേക്ക് അയച്ചു. പ്രതിരോധ ഗുളിക കാരശ്ശേരി, മുക്കം ആശുപത്രികളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ആനയാംകുന്ന് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പനിയുള്ളവർ പനി പൂർണമായും മാറിയതിനു ശേഷമെ സ്കൂളിൽ വരാൻ പാടുള്ളൂ എന്നും ഡിഎംഒ അറിയിച്ചു.