ട്രെയിനിൽ എത്തിച്ച 608 കി.ഗ്രാം പഴകിയ കോഴിയിറച്ചി പിടികൂടി

കോഴിക്കോട്‌ : ട്രെയിനിൽ കൊണ്ടുവന്ന പഴകിയ കോഴിയിറച്ചി കോർപറേഷൻ ആരോഗ്യ വിഭാഗം പിടികൂടി. -മംഗള നിസാമുദ്ദീൻ എക്പ്രസിൽ 10 തെർമോക്കോൾ പെട്ടികളിലായി കോഴിക്കോട്ടെത്തിച്ച 608 കിലോ കോഴിയിറച്ചിയാണ് ഹെൽത്ത് സൂപ്പർവൈസർ കെ ശിവദാസന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഷവർമയുണ്ടാക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ്‌ പെട്ടിയിലാക്കി അയച്ചത്. പ്രാഥമിക പരിശോധനയിൽത്തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്‌.
ശരിയായ ഫ്രീസർ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തെർമോക്കോൾ പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി. ഡൽഹിയിൽ നിന്നാണ് ഇവ അയച്ചതെങ്കിലും എങ്ങോട്ടാണെന്നത്‌  വ്യക്തമല്ല. ട്രെയിൻ ഡൽഹിയിൽനിന്ന് രണ്ട് ദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനും മുമ്പേ   ഇറച്ചി എടുത്തുവച്ചതാവാൻ സാധ്യതയുണ്ടെന്ന്‌ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. 17–-ാം വാർഡ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ പി ശിവൻ, ജെഎച്ച്ഐമാരായ കെ ഷമീർ, കെ ബൈജു, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, റെയിൽവേ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments

COMMENTS

error: Content is protected !!