എഞ്ചിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ 24 ന്
എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് (കീം 2021) പരീക്ഷ പ്രഖ്യാപിച്ചു. ജൂലൈ 24നാണ് പരീക്ഷ. രാവിലെ 10 മുതല്‍ 12.30 മണി വരെ പേപ്പര്‍ ഒന്നും (ഫിസിക്‌സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചു മണിവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്‌സ്) ആയിരിക്കും.
രാവിലെയും വൈകിട്ടുമായി ഒറ്റ ദിവസമാണ് പരീക്ഷ. ജൂൺ ഒന്നുമുതൽ അപേക്ഷ ഓൺലൈനായി സ്വീകരിക്കും. ജൂലൈ 11ന് നടത്താനായിരുന്നു ആദ്യ തീരുമാനം.
കോവിഡ് രണ്ടാംതരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിന് കൂടുതൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ ഡോ. എ ഗീത പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളിൽമാത്രം പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന രീതി മാറ്റി. സംസ്ഥാനത്തെ 77 താലൂക്കിലും പരീക്ഷാകേന്ദ്രം അനുവദിക്കും.
അപേക്ഷയിൽ പരീക്ഷാകേന്ദ്രം ഓപ്‌ഷനായി നൽകാം. ഒരു കേന്ദ്രത്തിൽ കുറഞ്ഞത് 10 പേരെങ്കിലും ഇല്ലെങ്കിൽ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റും. ഒരു പരീക്ഷാകേന്ദ്രത്തിൽ 300 വിദ്യാർഥികളെ മാത്രമേ അനുവദിക്കൂ.
എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍തന്നെ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാവും. ഫോൺ: 0471 2525300
https://cee.kerala.gov.in