എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പൊലീസിനോട് റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍
കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കുന്നമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം കമ്മീഷനെ വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ഞായറാഴ്ചയാണ് വെള്ളന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷാദ രോഗത്തിന് അടിമയായ കുട്ടി രക്ഷിതാക്കളെ ഭയപ്പെടുത്താന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കഴിക്കുകയായിരുന്നു. എട്ടാം ക്ലാസുകാരിയുടെ ആരോഗ്യനില മോശമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി മാരക മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
കുട്ടിയ്ക്ക് മയക്കുമരുന്ന് ആദ്യം നല്‍കിയത് സീനിയര്‍ വിദ്യാര്‍ത്ഥിനിയാണെന്നും വിദ്യാലയത്തിന് പുറത്ത് നിരന്തരം ലഹരി വസ്തു ലഭിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. വിദ്യാര്‍ത്ഥി ആത്മഹത്യ ശ്രമം നടത്താനുണ്ടായ കാരണം അന്വേഷിക്കാന്‍ ഉത്തരവിട്ട കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കുന്നമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്.എന്നാല്‍ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും പൊലീസ് ബാലാവകാശ കമ്മീഷനെ അറിയിച്ചിരിക്കുന്നത്.അതേസമയം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ മൊഴിയെടുക്കും.