കോളജ് അധ്യാപികയെ മുന്‍കാമുകന്‍ കത്തിച്ചത് ബൈക്കില്‍നിന്നു പെട്രോള്‍ ഊറ്റി ദേഹത്തൊഴിച്ച്

മുംബൈ ∙ മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോളജ് അധ്യാപിക അങ്കിത പിസ്സുഡെ (25)യുടെ മരണത്തിൽ പ്രതിഷേധം. പ്രതിക്കു വധശിക്ഷ ആവശ്യപ്പെട്ടു നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കേസിലെ വിചാരണ സംസ്ഥാന സർക്കാർ അതിവേഗ കോടതിക്കു കൈമാറി.

തെരുവിലിറങ്ങിയ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിച്ചു ഗതാഗതം തടയുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറുണ്ടായി. മൃതദേഹവുമായി എത്തിയ ആംബുലൻസിനു നേരെയും കല്ലേറുണ്ടായെന്നാണു റിപ്പോർട്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഹിൻഗൻഘട്ടിൽ കൂടുതൽ പൊലീസിനെയും ദ്രുതകർമ സേനയെയും വിന്യസിച്ചു. വാർധ ജില്ലയിൽ സുരക്ഷയും ജാഗ്രതയും വർധിപ്പിച്ചു. ഈ മാസം മൂന്നിന് ആക്രമണമുണ്ടായപ്പോൾ തന്നെ വാർധയിൽ പലയിടങ്ങളിലും പ്രതിഷേധ മാർച്ച് നടന്നിരുന്നു.

 

നാഗ്പുരിനടുത്ത് വാർധയിലെ ഹിൻഗൻഘട്ട് സ്വദേശിനിയാണ് അങ്കിത. അങ്കിത കോളജിലേക്കു പോകുമ്പോഴാണു വികേഷ് നഗ്രാലെ (27) ബൈക്കിലെത്തി, അതിൽ നിന്നു പെട്രോൾ കുപ്പിയിലാക്കി ദേഹത്തൊഴിച്ചതും തീവച്ചതും. കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം പിടികൂടി. ഇരുവരും ഏറെക്കാലം അടുപ്പത്തിലായിരുന്നെന്നും ശല്യവും അസാധാരണമായ പെരുമാറ്റവും സഹിക്കാനാകാതെ 2 വർഷം മുൻപ് യുവതി ബന്ധം പിരിയുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതിന്റെ പ്രതികാരമായാണു കൊല. വിവാഹിതനും 7 മാസം പ്രായമായ കുഞ്ഞിന്റെ അച്ഛനുമാണു പ്രതി. അങ്കിത വിവാഹിതയായെങ്കിലും വികേഷിന്റെ ശല്യം രൂക്ഷമായതോടെ ഭർത്താവ് വിവാഹമോചനം നേടി
അധ്യാപികയുടെ മൃതദേഹം സ്വദേശമായ വാർധയിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനം. പലയിടത്തും നാട്ടുകാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി, ചിത്രം: പിടിഐ
സഹോദരന് സർക്കാർ ജോലി
യുവതിയുടെ സഹോദരന് സർക്കാർ ജോലി നൽകുമെന്ന്  ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. മുംബൈയിലെ പ്രമുഖ പൊള്ളൽചികിത്സാ വിദഗ്ധനായ സുനിൽ കേസ്‍‌വാനിയെ സർക്കാർ വാർധയിൽ എത്തിച്ചു ചികിൽസാ മേൽനോട്ടത്തിനു ചുമതലപ്പെടുത്തിയിരുന്നു. യുവതിയെ രക്ഷിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ വിധി എതിരായെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേസിൽ മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നികമിനെയാണു സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചിരിക്കുന്നത്. 1993 മുംബൈ സ്ഫോടന പരമ്പര, 26/11 മുംബൈ ഭീകരാക്രമണം, പ്രമോദ് മഹാജൻ വധം, ഗുൽഷൻകുമാർ വധം എന്നിവയടക്കം പ്രമാദമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ നികം.
∙ ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി – അതീവ ദുഃഖമുണ്ട്. സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കുംവിധമുള്ള നിയമനിർമാണത്തെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണ്.
∙ പെൺകുട്ടിയുടെ പിതാവ് – എന്റെ മകൾ കഴിഞ്ഞ ഒരാഴ്ചയായി അനുഭവിച്ച വേദനയ്ക്കു സമാനമായ വേദനയിലൂടെ പ്രതിയും കടന്നുപോകണം. എത്രയും വേഗം നീതി നടപ്പാക്കണം. നിർഭയ കേസിലേതുപോലെ നടപടികൾ വൈകരുത്.
Comments

COMMENTS

error: Content is protected !!