KERALA

‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ – കുടുക്കായി വാട്‌സാപ് സന്ദേശവും

 

 

തൃപ്പൂണിത്തുറ∙ ഉദയംപേരൂർ വിദ്യ കൊലക്കേസിൽ ഒട്ടേറെ സംശയങ്ങൾക്കും നിഗമനങ്ങൾക്കും ഒടുവിലാണ് ഭർത്താവ് പ്രേംകുമാറിലേക്ക് അന്വേഷണ സംഘം എത്തുന്നത്. മുൻ‌കൂർ ജാമ്യാപേക്ഷ, ഉദയംപേരൂർ പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി,  ഏറ്റവുമൊടുവിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ  സി.വി. ജോസിനു ലഭിച്ച വാട്സാപ് ശബ്ദ സന്ദേശം എന്നിവയാണു പ്രേംകുമാറിനെ കുടുക്കിയത്.

കഴിഞ്ഞ സെപ്റ്റംബർ 23ന് ആണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേംകുമാർ ഉദയംപേരൂർ സ്റ്റേഷനിൽ എത്തുന്നത്. അന്നു കണ്ടനാട് പള്ളിയിൽ തർക്കം നടക്കുന്നതിനാൽ അഡീഷനൽ കമ്മിഷണറും ഡിസിപിയും ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സ്റ്റേഷനിൽ ഉണ്ടായിരുന്നു. സിഐയും സംഘവും പള്ളിയിലായിരുന്നു.

 

സീനിയർ സിപിഒ  സി.വി. ജോസിനാണു പ്രേംകുമാർ പരാതി നൽകിയത്. വിദ്യയെ നേരത്തെ 4 തവണ കാണാതായിട്ടുള്ളതിനാൽ, തൽക്കാലം കേസ് എടുക്കേണ്ട എന്നാണു പ്രേംകുമാർ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ, അന്നുതന്നെ പൊലീസ് കേസെടുത്തു. 2 ദിവസം കഴിഞ്ഞാണ് മൊഴിയെടുക്കാൻ പ്രേംകുമാറിനെ പൊലീസ്  വിളിപ്പിക്കുന്നത്.

 

    നവംബർ 1നു ഹാജരാകാമെന്നു പ്രേംകുമാർ അറിയിച്ചു. അന്നു ഹാജരാകാത്തതിനെ തുടർന്ന് വീണ്ടും പൊലീസ് വിളിച്ചപ്പോൾ, താൻ ഹൈദരാബാദിൽ ആണെന്നും നാട്ടിൽ വരുമ്പോൾ ഹാജരാകുമെന്നും വിശദീകരിച്ചു. നാട്ടിലെത്തിയിട്ടും സ്റ്റേഷനിൽ മൊഴി നൽകാൻ വരാത്തതിനാൽ പൊലീസ് വീണ്ടും വിളിച്ചു. ഇതിനിടെയാണ് മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് പ്രേംകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

 

പ്രേംകുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മുൻ‌കൂർ ജാമ്യഹർജി കോടതി തള്ളി. ഇതോടെ, പ്രേംകുമാറിനു വിദ്യയുടെ തിരോധാനവുമായി ബന്ധമു ണ്ടെന്നു പൊലീസ് സംശയിച്ചു. മൊഴി നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നിരന്തരം വിളിച്ചതോടെ പൊലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പ്രേംകുമാർ കമ്മിഷണർക്കു പരാതി നൽകി.

 

സിഐ കെ. ബാലൻ,  സി.വി. ജോസ് എന്നിവർക്കെതിരെയായിരുന്നു പരാതി. പിന്നീടു സിഐ ഇല്ലാത്ത നേരം നോക്കി മൊഴി നൽകാൻ പ്രേംകുമാർ എത്തിയതു സംശയം ബലപ്പെടുത്തി. ഈ മാസം 6നു പ്രേംകുമാറിന്റെ ഫോണിൽ നിന്ന് എസ്‌സിപിഒ ജോസിന്റെ ഫോണിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന വാട്സാപ് ശബ്ദസന്ദേശം വന്നു. ഇതും തങ്ങളെ വഴി തെറ്റിക്കാനാണോ എന്ന്  പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, അധികം വൈകാതെ പ്രേംകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button