അരങ്ങിൽ പ്രതിരോധത്തിൻ്റെ രംഗപാഠമൊരുക്കിയ തിരുവങ്ങൂർ എച്ച്എസ്എസ്സിന്റെ ‘ഓസ്കാർ പുരുഷു’വിന് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

കൊല്ലം : അരങ്ങിൽ ആണധികാരത്തിനും അസമത്വങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം തീർത്ത ‘ഓസ്കാർ  പുരുഷു’ എന്ന നാടകത്തിലൂടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാംസ്ഥാനം.

ദല ആർ എസ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കീർത്തന എസ് ലാൽ പ്രത്യേക പരാമർശത്തിനും അർഹയായി. സ്കൂളിലെ അധ്യാപകനും പ്രശസ്ത നാടക പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവാണ് സംവിധാനം.

2008 മുതൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് നാടക മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നത് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളാണ്.
‘മണികെട്ടിയ ശേഷമുള്ള പൂച്ചകളുടെയും എലികളുടെയും ജീവിതം ‘ എന്ന വീരാൻ   കുട്ടിയുടെ കവിതയുടെ സ്വതന്ത്ര നാടക ആവിഷ്കാരമാണ് ഓസ്കാർ പുരുഷു .
തട്ടിൻ പുറത്ത് എലികളെ കൊന്ന് വാറ്റി ഉന്മത്തനായി ജീവിക്കുന്ന പുരുഷു പൂച്ചയാണ് കേന്ദ്ര കഥാപാത്രം. നാടകത്തിനൊടുവിൽ എലികളുടെ സംഘബലത്തിനു മുന്നിൽ പുരുഷു പൂച്ച പതറി പോകുകയും ചെയ്യുന്നു.


ഒട്ടും  ഉയിരു ചോരാതെയാണ് കവിത, നാടകത്തിൻറെ ഉടലിൽ പകർന്നാടിയത്.
ദല ആർ എസ് , കീർത്തന എസ് ലാൽ, ആയിഷ ഹെബാൻ, ലക്ഷ്മിപ്രിയ, ശ്രീപാർവതി ലിയാന ബീവി , ശിവാനി ശിവപ്രകാശ്, ദൃശ്യസായി , വിശാൽ ,അർജുൻ ബാബു എന്നിവരാണ് നാടകത്തിലെ പ്രധാന അഭിനേതാക്കൾ . നിവേദ സുരേഷ് , എസ് ബി ഋതു നന്ദ, എ എം വൈഗ സിദ്ധാർത്ഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് പിന്നണിഗാനം ആലപിച്ചത്.
സനിലേഷ് ശിവനാണ് നാടകത്തിന്റെ സഹസംവിധായകൻ.
നിതീഷ് പൂക്കാടും ഹാറുൺ അൽ ഉസ്മാനുമാണ് ഓസ്കാർ പുരുഷുവിന്റെ കലാസംവിധാനം നിർവഹിച്ചത്. ഇരുവരും ഇതേ സ്കൂളിലെ അധ്യാപകരാണ്. ചമയം ലിഗേഷ് പൂക്കാട്.

Comments
error: Content is protected !!