എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ തസ്തിക മാറ്റം മുഖേനയുള്ള നിയമനത്തിന് സർക്കാർ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ തസ്തിക മാറ്റം (ബൈ ട്രാൻസ്ഫർ) മുഖേനയുള്ള നിയമനത്തിന് സർക്കാർ നോമിനി ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അഭിമുഖ പരീക്ഷയും ആവശ്യമില്ല. കോടതി നിർദ്ദേശത്തെ തുടർന്നാണിത്. സീനിയോറിട്ടിയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നടപ്പാകുന്ന തസ്തികമാറ്റ നിയമനത്തിന് സെലക്ഷൻ കമ്മിറ്റിയുടെ അംഗീകാരം വേണ്ടെന്നാണ് ഉത്തരവ്.
എയ്ഡഡ് സ്കൂളിൽ അധ്യാപക നിയമനം നടത്തുന്നത് സ്കൂൾ മാനേജരോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ചെയർമാനായും സ്കൂൾ പ്രിൻസിപ്പളും ജോയിന്റ് സെക്രട്ടറി റാങ്കിൽ കുറയാത്ത സർക്കാർ പ്രതിനിധിയും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ്.
ഹൈസ്കൂളിൽ നിന്ന് ഹയർ സെക്കൻഡറിയിലേക്കും ഹയർ സെക്കൻഡറി ജൂനിയറിൽ നിന്ന് സീനിയറിലേക്കും പ്രൊമോഷനു വേണ്ടിയാണ് തസ്തികമാറ്റം വഴിയുള്ള നിയമനങ്ങൾ. ഇതിന് ഇനി അഭിമുഖ പരീക്ഷയോ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശയോ ആവശ്യമില്ല. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ എച്ച് എസ് എസ് ടി ജൂനിയർ, എച്ച് എസ് എസ് ടി ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് മാത്രമാണ് ഇതോടെ സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശകൾ നിർബന്ധമാവുക.