എയർ ഇന്ത്യ എക്സ്പ്രസിലെ പുതിയ ടെയിൽ ആർട്ടുമായി കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പർശം ആകാശത്തിലും
കൊച്ചി-മുസിരിസ് ബിനാലെയിൽ തയ്യാറാക്കിയ പുതിയ ടെയിൽ ആർട്ട് എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737-800 വിടി-എഎക്സ്എൻ വിമാനത്തിൽ പതിപ്പിക്കുകയും അനാച്ഛാദനം നടത്തുകയും ചെയ്തു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡൻറുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി എന്നിവരുമൊത്താണ് പുതിയ ടെയിൽ ആർട്ട് അനാച്ഛാദനം ചെയ്തത്.
ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിൻറിങ്ങാണ് 25 അടി നീളമുള്ള ടെയിൽ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങൾ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈൻ ചിത്രീകരിക്കുന്നതാണ് ഈ പെയിൻറിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കൽ പെയിൻറിങ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ് ലിമിറ്റഡിൻറെ ഹാങ്കറിലാണ് അനാച്ഛാദന ചടങ്ങ് നടത്തിയത്.