KERALA
എറണാകുളം ജില്ലയിൽ അപകട മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ; കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരിച്ചത് 88 പേർ
എറണാകുളം ജില്ലയിലെ അപകട മരണങ്ങൾ വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ ജില്ലയിൽ 88 പേരാണ് വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ എറണാകുളം ജില്ലയിൽ അപകടങ്ങളിൽപ്പെട്ട് മരിച്ചവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 1374 അപകടങ്ങളാണ് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 1469 പേർക്ക് പരുക്കേൽക്കുകയും 88 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പരുക്കേറ്റവരിൽ പലരും ഇപ്പോഴും ഗുരുതരവസ്ഥയിൽ തുടരുന്നു എന്നതാണ് മറ്റൊരു വസ്തുത.
എറണാകുളം റൂറൽ പൊലീസ് പരിധിയിൽ വരുന്ന പറവൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമിത വേഗതയും നിയമ ലംഘനങ്ങളുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇരുച്രകവാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിനിരയായത്. അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ റോഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള തയാറെടിപ്പിലാണ് മോട്ടോർ വാഹന വകുപ്പ്.
Comments