എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ പ്രതി ഉടൻ പിടിയിലാകുമെന്ന് എ ഡി ജി പി

തിരുവനന്തപുരം: എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായും അധികം വൈകാതെ തന്നെ പ്രതിയെ പിടികൂടാൻ കഴിയുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബോംബെറിഞ്ഞ അക്രമിയുടെ സഞ്ചാരപാതയുടെ കൂടുതൽ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോംബെറിഞ്ഞശേഷം അക്രമി കുന്നുകുഴി ജംഗ്ഷനിൽ എത്തി ലോ കോളേജ് ഭാഗത്തേക്ക് പോയി എന്നാണ് വരമ്പശ്ശേരി ജംഗ്ഷനിലെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.ഇത് അന്വേഷണത്തിന് ഏറെ സഹായിക്കുമെന്നാണ് പാെലീസ് കരുതുന്നത്. വ്യക്തമായ ദൃശ്യങ്ങൾക്കുവേണ്ടി പ്രദേശത്തെയും സമീപ സ്ഥലങ്ങളിലെയും കൂടുതൽ സി സി ടി വികൾ പൊലീസ് പരിശോധിക്കുകയാണ്. അതീവ ഗൗരവമുളള സംഭവമായതിനാൽ കമ്മീഷണറും എഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടാണ് പരിശോധനകൾ നടത്തുന്നത്. ആക്രമണം നടത്തിയതിന് സ്കൂട്ടറിൽ എത്തിയ അജ്ഞതനായ യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആക്രമത്തെത്തുടർന്ന് തലസ്ഥാനത്തെങ്ങും പൊലീസ് കനത്ത ജാഗ്രതയിലാണ്. കണ്ണൂർ ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും കൂടുതൽ പൊലീസിനെ നിയോഗിക്കുകയും രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനാെന്നരയോടെ കുന്നുകുഴി ഭാഗത്തുനിന്ന് സ്കൂട്ടറിൽ എത്തിയ ആളാണ് സ്ഫോടകവസ്തു എറിഞ്ഞത്. എ കെ ജി. സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള എ കെ ജി ഹാളിന്റെ ഗേറ്റിലൂടെയാണ് സ്ഫോടകവസ്തു അകത്തേക്കെറിഞ്ഞത്. തുടർന്ന് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു.

Comments

COMMENTS

error: Content is protected !!