എസ്.വി. പ്രദീപിന്റെ മരണം: ഇടിച്ച വാഹനം നിര്‍ത്താതെ പോയി; അന്വേഷണത്തിന് പ്രത്യേകസംഘം

മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പോലീസ്. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. എത്രയും വേഗം പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാർ ഇടിച്ചുതെറിപ്പിച്ചെന്നും അപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്നുമാണ് പോലീസ് പറയുന്നത്.

അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റ് കിടന്ന പ്രദീപിനെ ഏറെനേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ കാർ ഇതേവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.

ജയ്ഹിന്ദ്, കൈരളി, ന്യൂസ് 18, മീഡിയവൺ, മംഗളം തുടങ്ങിയ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്ന എസ്.വി. പ്രദീപ് നിലവിൽ ചില ഓൺലൈൻ മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Comments

COMMENTS

error: Content is protected !!