എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നില്‍ പി ശശിയെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നില്‍ പി ശശിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപണം. എസ് ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍ പറഞ്ഞു. സിനിമാകഥ തയ്യാറാക്കുന്നത് പോലെ ഏതോ ഒരാള്‍ ഇരുന്ന് എഴുതിയ തിരക്കഥയാണ് ഈ കേസ്. അതില്‍ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കും എന്നതില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂവെന്നും നുസൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയ നടപടി. പി ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണെന്നും നുസൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പിടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണിത്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുമെന്നും നുസൂര്‍ കൂട്ടിചേര്‍ത്തു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.