കൊച്ചിയിൽ റിലയൻസ് ജിയോ 5 ജി സേവനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചിയിൽ റിലയൻസ് ജിയോ 5 ജി സേവനത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.  നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാകുക. വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. 

കൊച്ചിയിൽ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ​ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബർ 22ന് തിരുവനന്തപുരത്തും ജനുവരിയിൽ തൃശൂർ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും  5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവൻ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മേഖലയിലെ തെരഞ്ഞെടുത്ത വ്യക്തികൾക്ക് വരുന്ന ഏതാനും ദിവസം ട്രയൽ റണ്ണായി ആണ് 5 ജി കിട്ടുക.അതിന് ശേഷം തെരഞ്ഞെടുത്ത കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തികളിലേക്ക് 5 ജി എത്തും. 4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവിൽ 5 ജി ഫോണുള്ളവർക്ക്  ഫോണിലെ സെറ്റിങ്സിൽ മാറ്റം വരുത്തിയാൽ 5 ജി സേവനം ലഭിക്കും. 

കഴിഞ്ഞ ഒക്ടോബർ 1 മുതലാണ് രാജ്യത്ത് ആദ്യമായി 5 ജി സേവനം ലഭ്യമായത്. മെട്രോ നഗരത്തിൽ 5 ജി എന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിൽ 5 ജി ആദ്യമെത്തുന്നത്.  അടുത്ത വർഷം ഡിസംബറിൽ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കുമെന്നാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. അടുത്ത വർഷം ആഗസ്റ്റ് പതിനഞ്ചിന് ബിഎസ്എൻഎൽ 5ജി സേവനം തുടങ്ങുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

 

Comments

COMMENTS

error: Content is protected !!