എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പരിഗണിച്ചേക്കും
മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. വ്യത്യസ്ത ഘട്ടങ്ങളിലായ് 20ൽ അധികം സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ചെന്നിത്തല. പരിചയ സമ്പന്നരരുടെ പട്ടികയിൽ ആണ് രമേശ് ചെന്നിത്തലയെയും എ ഐ സി സി ഭാരവാഹിയായി പരിഗണിയ്ക്കുന്നത്. നിലവിൽ ഗുജറാത്തിന്റെ സ്ഥാനാർത്ഥി നിർണ്ണയ സമിതി ചുമതല രമേശ് ചെന്നിത്തലയ്ക്കാണ്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എ ഐ സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രവര്‍ത്തക സമിതിയും കോണ്‍ഗ്രസ് പുനസംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഖാർഗെ പക്ഷത്തെ പ്രമുഖ നേതാക്കളിൽ ഒരാളും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനുമായിരുന്നു രമേശ് ചെന്നിത്തല.
ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയ്ക്ക് നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നത്. ഹിന്ദി ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ തലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായകമാകും എന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1980-1985 കാലഘട്ടത്തിൽ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, എൻ എസ് യു ഐ ദേശീയ പ്രസിഡന്റ്, ബാലജന സഖ്യം സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ചെന്നിത്തല 1982ൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.