റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടക്കിടെ മാറും; നിയമം ലംഘിച്ചാല്‍ പിടി വീഴും

കേരളത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അപകടമേഖലകള്‍ മാറുന്നതനുസരിച്ച്‌ പുനര്‍വിന്യസിക്കാവുന്ന ക്യാമറകളാണ് ഇത്തവണ സ്ഥാപിക്കുന്നത്.  മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകള്‍ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. ഇടക്കിടെ ക്യാമറകളുടെ സ്ഥലം മാറും.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെ മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇടക്കിടെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളാണ് ക്യാമറകള്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇവ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തീകരിക്കുന്നതോടെ ക്യാമറയുടെ സ്ഥാനം മാറ്റാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. ഈ മാസം അവസാനത്തോടെ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് വിവരം.

അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കല്‍, വാഹനമോടിക്കുന്പോൾ മൊബൈലില്‍ സംസാരിക്കല്‍ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

Comments

COMMENTS

error: Content is protected !!