ഏപ്രിൽ മുതൽ കേരളത്തിലും സ്മാർട്ട് മീറ്റർ നിലവിൽവരുന്നു

ഏപ്രിൽ മുതൽ കേരളത്തിലും സ്മാർട്ട് മീറ്റർ നിലവിൽവരുന്നു. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാൽ മതിയാകുന്നതാണ്  സ്മാർട്ട് മീറ്റർ. ഉപയോഗിച്ച വൈദ്യുതിക്കനുസരിച്ചുള്ള തുക മീറ്ററിൽ കാണിക്കും എന്നതാണ് പ്രധാന നേട്ടം. മാത്രമല്ല സ്ലാബ് സമ്പ്രദായം ഇല്ലാതാവുകയും ഫിക്സഡ് ചാർജ് ഒഴിവാക്കുകയും ചെയ്യും. എന്നാൽ രാത്രി നിരക്ക് കൂടുതലാവുമെന്നതാണ് ഉപഭോക്താക്കളെ ബാധിക്കുന്ന ഒരു കാര്യം. 

കെഎസ്ഇബിക്ക് നല്ല വരുമാനമുള്ള പതിനാല് ഡിവിഷനുകളിലെ 37ലക്ഷം കണക്‌ഷനുകളിലാണ് ആദ്യഘട്ടത്തിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത്. മീറ്റർ സ്ഥാപിക്കുന്നതും വൈദ്യുതി ബിൽ ഈടാക്കുന്നതും സ്വകാര്യ സ്ഥാപനമാണ്. കെഎസ്ഇബിക്ക് പണം കൈമാറുന്നത് ഈ സ്ഥാപനമായിരിക്കും. 

പുതിയ കണക്‌ഷൻ, അറ്റകുറ്റപ്പണികൾ, വൈദ്യുതി വിതരണം തുടങ്ങിയ ചുമതലകൾ കെഎസ്ഇബി തുടരും. കേന്ദ്രം നിർദ്ദേശിച്ച പാനലിലുള്ള ഡൽഹി ആസ്ഥാനമായ ആർഇസി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിക്കാണ് നടത്തിപ്പ്.

തിരുവനന്തപുരം (നഗരം മുഴുവൻ), കഴക്കൂട്ടം, എറണാകുളം (നഗരം മുഴുവൻ), തൃപ്പൂണിത്തുറ, ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോഴിക്കോട്, ഫറൂഖ്, കണ്ണൂർ, പാലക്കാട്, തിരൂരങ്ങാടി, പള്ളം, കാസർകോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന ഡിവിഷനുകൾ. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രീപെയ്ഡോ,പോസ്റ്റ് പെയ്ഡോ തിരഞ്ഞെടുക്കാം. സർക്കാർ സ്ഥാപനങ്ങൾക്ക് പ്രീപെയ്ഡ് മീറ്റർ ആയിരിക്കും. 

Comments

COMMENTS

error: Content is protected !!