SPECIAL
ഏഴുകൊടുമുടികളെയും കീഴടക്കിയ ആദ്യ വനിതാ ഐപിഎസ് ഓഫീസര്‍
ലോകത്തെ ഏഴുകൊടുമുടികളും കീഴടക്കുന്ന ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയായി അപര്‍ണ കുമാര്‍. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ ഡെനാലി കീഴടക്കിയാണ് അപര്‍ണ ഈ നേട്ടം കരസ്ഥമാക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6,190 മീറ്റര്‍ ഉയരത്തിലാണ് ഡെനാലി സ്ഥിതിചെയ്യുന്നത്. മൗണ്ട് എവറസ്റ്റ്, അകൊന്‍കാഗ്വ എന്നിവ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പര്‍വ്വതമാണിത്. അലാസ്‌കയിലാണ് ഡെനാലി സ്ഥിതി ചെയ്യുന്നത്.
ഡെറാഡൂണില്‍ ഡി ഐ ജി, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ആയി സേവനം അനുഷ്ഠിക്കുകയാണ് അപര്‍ണ. 2002 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് ഇവര്‍. ഞായറാഴ്ചയാണ് ഇവര്‍ ഡെനാലി കീഴടക്കിയത്. അപര്‍ണയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.
‘ഇത് അപര്‍ണയുടെ വ്യക്തിപരമായ നേട്ടം മാത്രമല്ല. മുഴുവന്‍ പോലീസ് സഹോദരങ്ങള്‍ക്കും ഐടിബിപിക്കുമാണ് അവള്‍ കീര്‍ത്തിയേകിയിരിക്കുന്നത്.’ എഡിജി, ഐടിബിപി ആര്‍ കെ മിശ്ര പറയുന്നു. ഇനി ഉത്തരധ്രുവം മാത്രമാണ് അപര്‍ണയ്ക്ക് മുന്നിലുള്ളത്. അപര്‍ണ ആ നേട്ടവും വളരെ വേഗം കരസ്ഥമാക്കും. മിശ്ര തുടരുന്നു. അപര്‍ണ ലോകത്തെ മുഴുവന്‍ വനിതാ പര്‍വതാരോഹകര്‍ക്കും ഒരു പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹാരണ്‍പുര്‍ ഡിവിഷണല്‍ കമ്മിഷണര്‍ ആയ സഞ്ജയ് കുമാറിനെയാണ് ഇവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ജൂണ്‍ 15-നാണ് മിഷന്‍ ഡെനാലിക്ക് വേണ്ടി അപര്‍ണ ഇന്ത്യയില്‍ നിന്ന് യാത്ര തിരിച്ചത്. ജൂലൈ പത്തോടെ മിഷന്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ ഇവര്‍ക്ക് ലക്ഷ്യം നേടാനായി.
മൈനസ് 40 ഡിഗ്രി കാലാവസ്ഥയും, മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനെയും അതിജീവിച്ചാണ് അപര്‍ണ പര്‍വതാരോഹണം പൂര്‍ത്തിയാക്കിയത്. ത്രിവര്‍ണ പതാക വിടര്‍ത്തി, ഐടിബിപിയുടെ പതാകകള്‍ വീശിയാണ് അപര്‍ണ തന്റെ സുവര്‍ണനേട്ടം ആഘോഷിച്ചത്.
2020 ഓടെ ഉത്തരധ്രുവവും കീഴടക്കി ഉത്തരധ്രുവവും ദക്ഷിണധ്രുവവും ഏഴുകൊടുമുടികളും കീഴടക്കിയ(Explorer Grandslam) വനിതയെന്ന നേട്ടം കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് അപര്‍ണ.
Comments