ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് കപ്പൽ ഔദ്യോഗികമായി കൈമാറി. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ആണിത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ച് 15 വർഷം കൊണ്ടാണ് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്.
ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സര്‍ക്കാരിന്റെ ഊന്നലിന്റെ ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത് കൊച്ചിയില്‍ രാജ്യത്തിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിക്രാന്ത് വെറുമൊരു യുദ്ധകപ്പലല്ല. വിശാലമാണ്, വിരാടാണ്, വിശിഷ്ടമാണ്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിന്റെ കടല്‍ത്തീരത്ത് ഇന്ന് ഓരോ ഇന്ത്യക്കാരനും ഒരു പുതിയ ഭാവിയുടെ സൂര്യോദയത്തിനാണ് സാക്ഷികളാകുന്നത്. ഈ ചടങ്ങ് ആഗോള ചക്രവാളത്തില്‍ ഇന്ത്യയുടെ മനോവീര്യം ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ്.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും വലിയ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ലോകത്തിലെ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഇന്ത്യയും ചേര്‍ന്നു. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.