ഐഎസ്ഒ അംഗീകാര നിറവിൽ കിനാലൂർ ജി.യു.പി സ്കൂൾ

ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യ വിദ്യാലയം എന്ന പദവി നേടി കിനാലൂർ ജി യു പി സ്കൂൾ. അക്കാദമിക- ഭൗതിക മികവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്. ഐ.എസ്.ഒ പദവി പ്രഖ്യാപനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മെയ് ആറിന് ഉച്ചയ്ക്ക് 12 മണിക്ക് നിർവഹിക്കും.

താമരശ്ശേരി വിദ്യാഭ്യാസ ജില്ല, ബാലുശ്ശേരി സബ്ജില്ലയിൽ 1927 സ്ഥാപിതമായ വിദ്യാലയത്തിൽ നിലവിൽ 321 വിദ്യാർത്ഥികൾ ആണുള്ളത്. 2007 ൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദ്യാലയത്തിൽ ഗുണമേന്മ സംവിധാനം നടപ്പിലാക്കുന്നതിലൂടെ മെച്ചപ്പെട്ട സേവനങ്ങൾ പ്രദാനം ചെയ്യാൻ സാധിച്ചതിനുള്ള അംഗീകാരമാണ് ഐ. എസ്. ഒ സർട്ടിഫിക്കേഷൻ.

ജീവനക്കാർ പരസ്പരമുള്ള അസസ്മെന്റ്, മികച്ച കുടിവെള്ള സൗകര്യം, ശൗചാലയം, കൈ കഴുകുന്ന സ്ഥലം, വിവിധ സൈൻ ബോർഡുകൾ, സുരക്ഷാക്രമീകരണങ്ങൾ എന്നിവ വിദ്യാലയത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വിവിധതലങ്ങളിൽ മികച്ച സ്ഥാനം കൈവരിക്കാൻ മലയാളം മീഡിയത്തിൽ മാത്രം പ്രവർത്തിക്കുന്ന വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

സർക്കാർ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂൾ പിടിഎ, മാതൃസമിതി, സ്കൂൾ വികസന സമിതി, രക്ഷിതാക്കൾ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് വിദ്യാലയം നേട്ടം കൈവരിച്ചത്.

Comments

COMMENTS

error: Content is protected !!