പണ്ട് പണ്ട് എന്ന് പറയുമ്പോ എത്ര പണ്ടാണെന്നറിയില്ല. മലയടിവാരത്തിന് കീഴേയയുള്ള ഊരിൽ(കീഴൂര്) ഒരു സാധു അടിയോടി പാർത്തിരുന്നു. വിഭാര്യനും സാത്തികനുമായ അദ്ദേഹം തികഞ്ഞ ശിവഭക്തനായിരുന്നു. ഗോവിന്ദൻകെട്ടിലുള്ള മഹാദേവക്ഷേത്രത്തിൽ നിത്യേന പോയി അദ്ദേഹം കുളിച്ചു തൊഴുതു. കാലം ചെന്നതോടെ ജരാനരകൾ ബാധിച്ച് അയാൾ അവശനായി. എല്ലാം സഹിച്ചപ്പോഴും ശിവദർശനം മുടങ്ങുന്നത് അദ്ദേഹത്തിന് സഹിക്കാനായില്ല. ഒരു ദിവസം വേച്ച് വേച്ച് ക്ഷേത്രസന്നിധിയിലെത്തി. ദേഹശുദ്ധി വരുത്തി ശ്രീകോവിലിന് മുമ്പിൽ നിറകണ്ണുകളോടെ മഹാദേവനെ വിളിച്ചു പ്രാർത്ഥിച്ചു. “ഒന്നു വന്നു കാണാൻ പോലും കഴിയാത്ത എന്നെ എന്തിനിങ്ങനെ ഈ മണ്ണിലിട്ട് നരകിപ്പിക്കുന്നു. തിരികെ വിളിച്ചൂടെ” അപ്പോൾ ആളനക്കമില്ലത്ത ക്ഷേത്ര സന്നിധിയിൽ ഒരു കുളിർ കാറ്റ് വീശി. ഇങ്ങനെ അശിരീരി കേട്ടു. “ഇത്രനാളും എന്നെ വന്നു കണ്ടല്ലോ. ഇനി ഞാനങ്ങോട്ടു വന്നു കണ്ടോളാം” അടിയോടി ചുറ്റും നോക്കി അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. കുളിർ കാറ്റ് തന്നെ പൊതിയുന്നതായും എന്തോ ഒരു ഭാരം ഒഴിഞ്ഞു പോകുന്നതായും അദ്ദേഹത്തിന് തോന്നി. എല്ലാം തന്റെ തോന്നലാവും എന്ന് കരുതി അയാൾ ഏന്തിവലിഞ്ഞ് വീട്ടിലേക്ക് നടന്നു. പിറ്റേന്ന് വൈകീട്ട് അദ്ദേഹം ക്ഷേത്രദർശനത്തിനിറങ്ങാൻ ഒരുങ്ങുകയായിരുന്നു. ഉമ്മറത്തെ തൂണിൽ ഒരാളനക്കം കേട്ടുനോക്കിയപ്പോൾ തൂണിൽ ഒരു പ്രഭാവലയവും തീയാളുന്നതു പോലുള്ള കാഴ്ചയും കണ്ടു. “ഞാനിതാ നിന്നോടൊത്തുണ്ട്. ഇനി എന്റെ ചൈതന്യം നിനക്കീതൂണിൽ ദർശിക്കാം.” അമ്പരപ്പ് മാറാതെ അടിയോടി ആ തൂണിന് മുമ്പിൽ സാഷ്ടാംഗ പ്രണാമം നടത്തി. താൻ നവയൗവനം വീണ്ടെടുത്ത പോലെ അയാൾക്ക് തോന്നി. തൂണിൽ താന്ത്രികവിധിയനുസരിച്ചുള്ള കർമ്മങ്ങളും പൂജാദികളുമായി അടിയോടി ദീർഘകാലം കഴിഞ്ഞു. ആ തൂൺ പിന്നീടൊരു ശിവപ്രതിഷ്ടയായും അദ്ദേഹത്തിന്റെ വീട് ക്ഷേത്രമായും പരിണമിച്ചു. അതാണ് വടക്കേ മലബാറിലെ പ്രസിദ്ധ ശിവക്ഷേത്രമായ കിഴൂർ മഹാദേവക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യങ്ങളിലൊന്ന്.
ഉയർന്ന ജാതിക്കാരായ അടിയോടിമാരായിരുന്നു ക്ഷേത്ര ഊരാളന്മാർ. ഇവർ കിഴൂർ അടിയോടിമാർ എന്നറിയപ്പെട്ടു. ചെറിയത്ത്, കണ്ണോത്ത്, കേളോത്ത്, രായരോത്ത്, കെപ്പുറത്ത് എന്നിങ്ങനെ അഞ്ചില്ലക്കാരായിരുന്നു അവർ. ധാരാളം ഭൂമിയും സ്വത്തുവകകളുമുണ്ടായിരുന്നു കിഴൂർ ദേവസ്വത്തിന്. നമ്പൂതിരിമാരായിരുന്നു ശാന്തിക്കാർ. മലബാറിലെ ഭൂബന്ധങ്ങളുടെ സങ്കീർണ്ണതയും നമുക്കിവിടെ ദർശിക്കാം. നായർ വിഭാഗങ്ങളായ ജന്മിമാർക്കിടയിലെ ക്ഷേത്ര ജീവനക്കാരായിരുന്നു ഇവിടെ നമ്പൂതിരിമാർ. ജാതിശ്രേണിയിൽ നായന്മാർ മുതൽ മുകൾ തട്ടിലുള്ള ഉയർന്ന ജാതിക്കാർക്ക് മാത്രമേ ഇവിടെ പ്രവേശനവും ദൈവദർശനവും അനുവദിച്ചിരുന്നുള്ളൂ. ക്ഷേത്രപ്രവേശം വിലക്കപ്പെട്ടപ്പോഴും 18 അവർണ്ണ ജാതിക്കാർക്ക് ക്ഷേത്രത്താൽ കാഴ്ചദ്രവ്യങ്ങൾ സമർപ്പിക്കാനും പാട്ടവും വാരവും നൽകാനും ഉത്സവത്തോടനുബന്ധിച്ച ആചാര വരവുകളിൽ പങ്കെടുക്കാനും അവകാശവും ചുമതലയും നിശ്ചയിച്ചിരുന്നു. ഇവർക്കൊക്കെ പല ദിക്കുകളിലായി ദേവസ്വം ഭൂമിയും അനുവദിച്ചിരുന്നു.
കേരളപ്പിറവിയും ജനാധിപത്യഭരണവുമൊക്കെ യാഥാർത്ഥ്യമായതോടെ ഊരാളന്മാരുടെ ക്ഷേത്രാവകാശങ്ങൾ ജനകീയ കമ്മറ്റികൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. വി.വി. സുബ്രഹ്ണ്യ അയ്യരായിരുന്നു ജനകീയ കമ്മറ്റിയുടെ ആദ്യചെയർമാൻ. അതോടെ മലബാറിലെ തന്നെ ഏറ്റവും പ്രശസ്തമായ ആറാട്ടുത്സവങ്ങളിലൊന്നായി കിഴൂരുത്സവം മാറി. പതിനായിരക്കണക്കിന് കന്നുകാലികളുടെ കൈമാറ്റം നടക്കുന്ന കിഴൂർചന്തയും ഉയരം കൂടിയ കവുങ്ങിൽ കൊട്ടകൾ കെട്ടിയുയർത്തി കരിമരുന്നിൽ വർണ്ണത്തിന്റേയും ശബ്ദത്തിന്റേയും വിസ്മയം തീർക്കുന്ന പൂവെടിയുമായിരുന്നു കിഴൂറുത്സവത്തിന്റെ മുഖ്യ ആകർഷണം. പൂവെടിത്തട്ട് നിർമ്മാണവും കവുങ്ങുയർത്തലുമൊക്കെ ചില മുസ്ലീം കുടുംബങ്ങളുടെ ചുമതലയിലായിരുന്നു. ഏതാണ്ട് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന നാട്ടുചന്തയിൽ കൽച്ചട്ടി മുതൽ കരിങ്കോഴി വരെ, അച്ഛനും അമ്മയുമല്ലാത്ത എല്ലാം വാങ്ങാൻ കിട്ടുമെന്നാണ് പറയുക. കിഴൂരിലെ ഉത്സവപന്തലിനും സവിശേഷതകളുണ്ടായിരുന്നു. എല്ലായിടത്തും പന്തൽ കൂട്ടിയുണ്ടാക്കുമ്പോൾ ഇവിടെ ‘പന്തൽ നെയ്തെടുക്കുക, എന്നാണ് പറയുക. ‘ലോകനാർകാവിലെ വിളക്കും കിഴൂരിലെ പന്തലും, എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു. ഏതാനും നായർ കുടുംബങ്ങളാണ് ഇതിന്റെ നിർമ്മാണം നടത്തിയിരുന്നത്.
കോവിഡിന് മുമ്പ് വരെ സർവ്വ പ്രതാപിയായി നടന്ന ആറാട്ടുത്സവം കഴിഞ്ഞ തവണ ക്ഷേത്രത്തിനത്തെ ആചാരാനുഷ്ടാനങ്ങൾ മാത്രമായി ചുരുങ്ങി. ഇത്തവണ ഡിസമ്പർ 10 മുതൽ 15 വരെ കൊടിയേറ്റ്, വിളക്ക്, ചെറിയ വിളക്ക്, വലിയ വിളക്ക് പള്ളിവേട്ട, ആറാട്ട്, എന്നിങ്ങനെ ക്ഷേത്രാചാര ചടങ്ങുകൾക്കും താളമേളങ്ങൾക്കും എഴുന്നള്ളത്തിനുമൊക്കെ പ്രാധാന്യം നൽകിയാണ് കൊണ്ടാടുന്നത്. കാരക്കെട്ട് പോലുള്ള ദുരൂഹമായ ചടങ്ങുകളും ഈ 15 ന് ആറാട്ടോടെ ഉത്സവം സമാപിക്കും
പ്രകൃതി പുരുഷദ്വന്ദത്തിലെ ആദിദേവനായ ശിവചൈതന്യം ഇവിടെ കളിയാടുന്നതായി ഭക്തർ വിശ്വസിക്കുന്നു. ശിവ എന്ന പദത്തിന്റെ അർത്ഥം ഒന്നുമില്ലായ്മ എന്നാണ്. നിർഗുണപ്രപഞ്ച ചൈതന്യമാണ് ശിവം എന്ന ആശയം. നിർഗുണ പ്രപഞ്ചത്തിൽ നിന്ന് ബ്രഹ്മമുണ്ടാവുന്നു. അത് സദ്ഗുണ പ്രപഞ്ചമാവുന്നു. അസത്തിൽ നിന്ന് സത്തുണ്ടാവുന്നു. ഇക്കണ്ട ലോകവും ഞാനും നിങ്ങളുമൊക്കെയുണ്ടാവുന്നു. സദ്ഗുണ പ്രപഞ്ചത്തിൽ നിന്ന് നിർഗുണപ്രപഞ്ചത്തിലേക്ക് തിരികെപ്പോകാനുള്ള – മോക്ഷ പ്രാപ്തിക്കുള്ള – മാർഗ്ഗവും ലക്ഷ്യവുമൊക്കെയായാണ് ശിവസങ്കൽപ്പം അറിയപ്പെടുന്നത്. ആ ആശയത്തെ ഭക്തർ മഹാദേവനായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.
ഐതീഹ്യ പ്രാധാന്യം മാത്രമല്ല കിഴൂർ മഹാദേവ ക്ഷേത്രത്തിനുള്ളത്. അത്രത്തോളം തന്നെ ചരിത്ര പ്രാധാന്യവുമുണ്ട് ഈ ക്ഷേത്രത്തിന്. കേരളത്തിൽ എല്ലാ കീഴാള ജാതികൾക്ക്കും ക്ഷേത പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളുടെ നേതാക്കളിൽ പ്രമുഖനായിരുന്നല്ലോ കേളപ്പജി . അദ്ദേഹം ഗുരുവായൂർ സത്യാഗ്രഹത്തിന് മുമ്പു തന്നെ കീഴ്ജാതിക്കാരുമൊത്ത് ക്ഷേത്ര പ്രവേശനത്തിനെത്തി പൊതിരെ തല്ലു വാങ്ങിയ ഇടം കൂടിയാണ് കീഴൂർ ശിവക്ഷേത്രം. ഇന്നത്തെ കിഴൂർ എയുപി സ്കൂൾ അന്ന് ഉയർന്ന ജാതിക്കാർക്ക് മാത്രം പഠിക്കാൻ കഴിയുന്ന സ്കൂളായിരുന്നു. ജാതിശ്രേണിയിൽ തിയ്യർ മുതൽ താഴോട്ടുള്ള കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചിരുന്നില്ല. കേളപ്പജി കുറേ കീഴാള കുട്ടികളുമായി അവിടെപ്രവേശനത്തിന് ചെന്നെങ്കിലും മാനേജർ വഴങ്ങിയില്ല. കേളപ്പജി സ്കൂളിന് മുമ്പിൽ പന്തലുകെട്ടി കുട്ടികളോടൊത്ത് സത്യാഗ്രഹസമരം ആരംഭിച്ചു. അദ്ദേഹം ഉയർന്ന ജാതിക്കാരനും സർവ്വാദരണീയനും ആയതു കൊണ്ട് അദ്ദേഹവുമായി ഒരു ഏറ്റുമുട്ടൽ ഗുണകരമാവില്ല എന്ന് കരുതിയതി, സത്യാഗ്രഹം ഒരാഴ്ച പിന്നിട്ടതോടെ മാനേജർ വഴങ്ങി. കുട്ടികളെ പ്രവേശിപ്പിക്കാൻ തയാറായി. എന്നാൽ ഉയർന്ന ജാതിക്കാരെ തീണ്ടാതെ തറയിൽ മാറിയിരുന്ന് പഠിക്കാൻ മാത്രമായിരുന്നു അനുമതി. സമരം വിജയിച്ചതോടെ കേളപ്പജി ഉത്സാഹത്തിലായി. പാക്കനാർ പുരത്ത് കീഴാള കുട്ടികൾക്ക് താമസിക്കാനും ഭക്ഷണം നൽകാനുമൊക്കെ സംവിധാനമൊരുക്കി. അവിടെ നിന്നാണ് ഈ കുട്ടികൾ പഠിക്കാൻ സ്കൂളിലേക്ക് വന്നുകൊണ്ടിരുന്നത്. അപ്പോഴും കുട്ടികൾക്കോ അവരുടെ കുടുംബാംഗങ്ങൾകോ ക്ഷേത്ര ദർശനം സാദ്ധ്യമായിരുന്നില്ല. അങ്ങിനെയാണ് ഒരു ദിവസം പുലർച്ചെ പുഴയിൽ കുളിച്ച് ശുദ്ധം വരുത്തി കീഴാള ജാതിക്കാരുമായി ക്ഷേത്ര പ്രവേശനത്തിനെത്തിയത്. ക്ഷേത്രത്തിൽ കയറാൻ കേളപ്പജിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളൊക്കെ ഊരാളന്മാർ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അവർ ആവശ്യത്തിനു വടികളുമൊക്കെയായി കാത്ത് നിന്നു. കേളപ്പജിയും സംഘവും ക്ഷേത്രകവാടത്തിലെത്തിയതോടെ നാലുഭാഗത്തു നിന്നും വളഞ്ഞിട്ട് അടി തുടങ്ങി. കൂടെ വന്നവരൊക്കെ തല്ല് സഹിക്കാനാവാതെ ഓടിപ്പോയെങ്കിലും കേളപ്പജി അവിടെക്കിടന്ന് കണക്കിന് തല്ലുകൊണ്ടു. പിന്നീടദ്ദേഹം ദീർഘകാലം ചികിത്സയിലായിരുന്നു. എന്നിട്ടും കീഴ്ജാതിക്കാർക് അവിടെ പ്രവേശനം അനുവദിച്ചില്ല. കേളപ്പജിയേയും സംഘത്തേയും അടിച്ചോടിക്കാൻ ഊരാളരോടൊപ്പം ഒത്തുകൂടിയവരിലും കീഴ്ജാതിക്കാർ ധാരാളം ഉണ്ടായിരുന്നു എന്നത് ചരിത്രം !
പടയോട്ടക്കാലത്ത് ക്ഷേത്രം തകർക്കാനെത്തിയ ടിപ്പുവിൽ നിന്ന് ഈ ക്ഷേത്രം ഒരു മുസ്ലീം കുടുംബം രക്ഷിച്ചതായി ഒരു കഥയുണ്ട്. അന്ന് നാക്കോട് എന്ന് വിളിക്കുന്ന ഒരു പ്രത്യേക തരം ഓട് പാകിയ മേൽക്കൂരയോടു കൂടിയായിരുന്നത്രേ ക്ഷേത്രം നിലകൊണ്ടത്. ചുമരുകളൊക്കെ ഈ കുടുംബം ഓല കൊണ്ട് മറച്ചിരുന്നതിനാലും നാക്കോട് പാകിയിരുന്നതിനാലും ക്ഷേത്രമാണെന്ന് തിരിച്ചറിയാൻ ടിപ്പുവിന് പെട്ടന്നു സാധിച്ചില്ല. ഇത് തങ്ങളുടെ തേങ്ങാപ്പുരയാണെന്ന് മുസ്ലീം കുടുംബം പറഞ്ഞത് വിശ്വസിച്ച് ടിപ്പുവിനെ തിരിച്ചയച്ചു എന്നാണ് കഥ. ഇവരുടെ പിൻമുറക്കാരാണ് ഇന്ന് മാവിലാംപുനത്തിൽ, വരോൽ തുടങ്ങിയ കുടുബങ്ങളിലുള്ളത് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ചരിത്രപണ്ഡിതന്മാർക്കിടയിൽ ഇതിൽ ചില സംശയങ്ങളുണ്ട്. ടിപ്പു ഈ ഭാഗങ്ങളിലൊന്നും വന്നിരുന്നില്ലന്നും അദ്ദേഹത്തിന്റെ പിതാവ് ഹൈദരാലിയും സൈന്യവുമാണ് ഇതു വഴി വന്നതെന്നും ചരിത്ര ഗവേഷകനായ അഭിലാഷ് മലയിൽ പറയുന്നു. ഹൈദരാലിയുടെ സൈന്യാധിപന്മാരിൽ ആരെങ്കിലും വന്നിട്ടുണ്ടാവാമെന്നല്ലാതെ ഹൈദരലിയും കിഴൂർ ഭാഗത്ത് എത്തിയതിന് തെളിവൊന്നുമില്ല. ക്ഷേത്രങ്ങളും ജന്മി ഗൃഹങ്ങളുമൊക്കെ അദ്ദേഹം ആക്രമിച്ചത് സമ്പത്തിന് വേണ്ടിയായിരുന്നു; അല്ലാതെ മതവിദ്വേഷം കൊണ്ടായിരുന്നില്ല. അന്നത്തെ പന്തലായനിയിലെ വലിയകത്ത് പള്ളി, പിഷാരികാവ് ക്ഷേത്രം എന്നിവക്ക് ഇനാമായി ടിപ്പു പണവും ഭൂമിയും നൽകിയതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറയുന്നു.
കിഴൂർ കന്നുകാലിച്ചന്തയെ കുറിപ്പുള്ള പഠനങ്ങൾ പ്രധാനമാണ്. അന്നത്തെ കാർഷിക സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾക്കും ഇതാവശ്യമാണ്. പതിനായിരക്കണക്കിന് കന്നുകാലികൾ ഇവിടെ എത്തുമായിരുന്നത്രേ! തമിഴ്നാട്ടിലെ സേലം പോലുള്ള ജില്ലകളിൽ നിന്നൊക്കെ മലബാറിലെ ഇത്തരം ചന്തകളിലേക്ക് മേത്തരം ഉഴവുകാളകളും വിത്തുകാളകളും എത്തിക്കൊണ്ടിരുന്നു. വാണിയംകുളത്തെ ചന്ത കഴിഞ്ഞാണ് ഇവ ഇങ്ങോട്ടെത്തുക. ഇവിടത്തെ ചന്ത കഴിഞ്ഞാൽ അവ ഓർക്കാട്ടേരി ചന്തക്ക് പുറപ്പെടും. തുറശ്ശേരി കടവിൽ നിന്ന് ആവശ്യത്തിന് വെള്ളം കുടിച്ച് കുളിച്ചു വൃത്തിയായാണ് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ചൊവ്വ വയലിലെത്തിച്ച് കുറ്റിയിട്ട് കെട്ടുക. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പുവരെ കന്നുകാലിച്ചന്ത സജീവമായിരുന്നു. കാലിവരവ് തുടങ്ങിയാൽ ആഴ്ചകളോളം പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകുകയാണ് പതിവ്. അക്കാലത്ത് മലബാറിൽ സ്ഥിരം കന്നുകാലി ചന്തകളും ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. ഇന്ന് ‘കാളയെ ചന്തയിൽ കടത്തിക്കെട്ടൽ, എന്നൊരു ചടങ്ങില്ലാതെ മറ്റൊന്നുമില്ല.
1950 ൽ ചന്തയിലുമായ തീപ്പിടുത്തം അതിഭയാനകമായിരുന്നു. വടക്കുഭാഗത്ത് നിന്ന് പടർന്നു തുടങ്ങിയ തീ നിമിഷ നേരം കൊണ്ട് അനാദിച്ചന്തയെ ഒന്നടങ്കം വിഴുങ്ങി. ഒരു പാട് പേർക്ക് പൊള്ളലേറ്റു. വസ്തുവകകളും കടകളുമൊക്കെ കത്തിനശിച്ചു. ആളുകൾ ജീവനും കൊണ്ടോടി. ഈ അവസരം മുതലാക്കി വലിയ തോതിൽ കൊള്ളയും കൊള്ളിവെപ്പും അരങ്ങേറി. ജീവിത സമ്പാദ്യമാകെ നഷ്ടപ്പെട്ട പലരും ഭ്രാന്തരായി അലഞ്ഞു. ചന്തയിൽ എല്ലാവർഷവും ചെമ്പുപാത്രവ്യാപാരം നടത്തിയിരുന്ന ചെമ്പോട്ടി(ചെമ്പുവ്യാപാരി) എല്ലാം നഷ്ടപ്പെട്ട് ഭ്രാന്തനായി, എല്ലാ വർഷങ്ങളിലും ചന്ത സമയത്ത് ഇവിടെ എത്തി അലഞ്ഞ് നടക്കുമായിരുന്നത്രേ.
വയലാർ അവാർഡ് നേടിയ യു.കെ.കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപത്തിന്റെ, ഭൂമിക ഈ പ്രദേശവും ജനങ്ങളുമാണ്. പി.ആർ നാഥനും ഇവിടത്തെ ആറാട്ടുത്സവത്തേയും കാലിച്ചന്തയേയും കുറിച്ചെഴുതിയിട്ടുണ്ട്. കിഴൂർ ചന്തയെക്കുറിച്ച് മാത്രമായി ഒരു വടക്കൻ പാട്ടുമുണ്ട്. ചരിത്രവും ഐതീഹ്യവും കെട്ടു പിണഞ്ഞ നമ്മുടെ നാട്ടുത്സവങ്ങൾ ഒരു ജനതയുടെ ഭൂതകാല ജീവിതം വർത്തമാന കാലത്തിലേക്ക് കഴിയെത്തിയതിന്റെ ശേഷിപ്പുകളാണ്. അവയെ കുറിച്ചുള പഠനങ്ങൾ അതുകൊണ്ട് തന്ന പ്രധാനവുമാണ്.
Post Views: 45