ഐ.എം.സി.എച്ചിൽ ഇൻസിനറേറ്റർ കേടായിട്ട് ഒരുവർഷം

കോഴിക്കോട്: മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഇൻസിനറേറ്റർ കേടായിട്ട് ഒരുവർഷമായെങ്കിലും ഖരമാലിന്യം കത്തിക്കൽ തുടരുന്നു. ഇൻസിനറേറ്ററിന്റെ പുകക്കുഴൽ ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഇതിലൂടെയല്ല പോകുന്നത്. പുക നേരിട്ട് ഷെഡിൽനിന്ന് പുറത്തേക്ക് പരക്കുകയാണ്. ഇൻസിനറേറ്ററിന്റെ കിഴക്കുഭാഗത്ത് നവജാതശിശുക്കളും ഗർഭിണികളും കിടക്കുന്ന പേ വാർഡും പടിഞ്ഞാറ്‌ുവശത്ത് വീടുകളുമാണ്.

 

രാവിലെ എട്ടുമണിയോടെ ഖരമാലിന്യങ്ങളായ കാർഡ്ബോർഡ്, പേപ്പർ തുടങ്ങിയ കത്തിക്കാൻ തുടങ്ങുന്നു. ഏതാണ്ട് നാലുമണിക്കൂറോളം നീണ്ടുനിൽക്കുന്ന കത്തിക്കൽ പ്രക്രിയയിലൂടെ ഉയർന്നുപൊങ്ങുന്ന പുക പരിസരമാകെ നിറയുന്നു. മുമ്പ് വളരെ ഉയരത്തിലുള്ള പുകക്കുഴലിലൂടെ പുക ബഹിർഗമിച്ചിരുന്നതിനാൽ പരിസരമലിനീകരണം ഉണ്ടാക്കിയിരുന്നില്ല.

 

പുക ശ്വസിച്ച് പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മായനാട് സ്‌നേഹ റെസിഡൻറ്‌്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പലതവണ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടെങ്കിലും കേടായ ഇൻസിനറേറ്റർ ഉടൻ ശരിയാക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയൊന്നുമായില്ല. കത്തിക്കുന്ന മാലിന്യത്തിൽ പ്ളാസ്റ്റിക് വരെയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

 

എച്ച്.ഡി.എസ്. ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും

 

ഇൻസിനറേറ്റർ അറ്റകുറ്റപ്പണിചെയ്യാൻ ആശുപത്രിവികസനസമിതി ഫണ്ട് ഉപയോഗിക്കാൻ കളക്ടർ നിർേദശിച്ചിട്ടുണ്ട്. ഇതിന് ഏഴുലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് യന്ത്രം നിർമിച്ച കമ്പനി അറിയിച്ചത്. ഉടൻതന്നെ ഇത് സംബന്ധിച്ച് വേണ്ടനടപടികളെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

Comments

COMMENTS

error: Content is protected !!