ഐ എസ് എൻ ഫൈനൽ 20 ന്; വിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ്
വാസ്കോ: ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ് ഫൈനലിൽ. സെമിയിൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ എഫ് സിയെ ഇരുപാദങ്ങളിലുമായി രണ്ട് – ഒന്നിന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് ഫെെനലിലേക്ക് കുതിച്ചെത്തിയത്. രണ്ടാംപാദം ഒന്ന് – ഒന്നിനാണ് അവസാനിച്ചത്. ആദ്യപാദത്തിൽ നേടിയ ഒരു ഗോൾ ജയത്തിന്റെ മികവിലായിരുന്നു ഫൈനൽ പ്രവേശം. 20നാണ് ഫെെനൽ മത്സരം. വ്യാഴാഴ്ച നടക്കുന്ന ഹെെദരാബാദ് എഫ് സി –എ ടി കെ മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെയാണ് കിരീടപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.
അഡ്രിയാൻ ലൂണയുടെ മാന്ത്രിക ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് മനോഹര പ്രകടനമാണ് കളിയിൽ ഉടനീളം പുറത്തെടുത്തത്. രണ്ടാംപകുതിയിൽ പ്രണോയ് ഹാൾദെറിലൂടെ ജംഷഡ്പുർ ഒരു ഗോൾ മടക്കി. പന്ത് കെെയിൽ കൊണ്ടെങ്കിലും റഫറി ഗോൾ അനുവദിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. ലീഗ് ഘട്ടത്തിൽ തുടർച്ചയായ ജയവുമായി എത്തിയ വമ്പൻമാരെ തകർപ്പൻ പ്രതിരോധത്തിലൂടെ നിലക്കുനിർത്താൻ ബ്ലാസ്റ്റേഴ്സിന് അനായാസം സാധിച്ചു. ആദ്യപാദത്തിലെ ഒരു ഗോൾ ജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് കളത്തിന് മുമ്പ് തിരിച്ചടിയേറ്റു. പരിക്കുകാരണം സഹൽ അബ്‌ദുൾ സമദിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. എന്നാൽ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ഒരു തളർച്ചയുമുണ്ടായില്ല. കളി തുടങ്ങി നിമിഷങ്ങൾക്കകം ആദ്യ ആക്രമണം. എന്നാൽ ജോർജ് ഡയസ് മനോഹരമായി നീക്കിയ പന്ത് അൽവാരോ വാസ്-കസിന് വലയിലെത്തിക്കാനായില്ല. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് കോരിയിടാൻ ശ്രമിച്ച വാസ് – കസിന് ലക്ഷ്യം തെറ്റി. പന്ത് പുറത്തേക്ക് പാറിപ്പോയി. പിന്നാലെ ഡയസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. തുടർന്നുള്ള നീക്കത്തിൽ ഈ അർജന്റീനക്കാരൻ വലയിലേക്ക് പന്തെത്തിച്ചെങ്കിലും ഓഫ്സെെഡായി. പതിനെട്ടാം മിനിറ്റിലായിരുന്നു ലൂണയുടെ ഒന്നാന്തരം ഗോൾ. വാസ്-കസിൽനിന്ന് പന്ത് സ്വീകരിച്ച ലൂണ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് അടിച്ചു കയറ്റിയ പന്ത് ഗോൾ കീപ്പർ ടി പി രഹ്‌നേഷിനെ മറികടന്ന് വലയിൽ കയറി. ഇതോടെ ഇരുപാദങ്ങളിലുമായി ബ്ലാസ്റ്റേഴ്സിന് രണ്ട് – ഒന്ന് ലീഡ് ഉറപ്പിക്കാനായി. ആദ്യപകുതിയുടെ അവസാന ഘട്ടങ്ങളിൽ ജംഷഡ്പുർ കടുത്ത ആക്രമണം കെട്ടഴിച്ചു വിട്ടു. ഇതിനിടെ ഡാനിയേൽ ചീമ ഗോൾ നേടുകയും ചെയ്തു. ആദ്യം ഗോൾ അനുവദിച്ച റഫറി പിന്നീട് തിരുത്തി. രണ്ട് താരങ്ങൾ ഓഫ് സെെഡായിരുന്നു. ആദ്യപകുതി അപകടമില്ലാതെ ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചു. രണ്ടാംപകുതിയിൽ ഹാൾദെറുടെ ഗോൾ ബ്ലാസ്റ്റേഴ്സിന് ആശങ്കയായെങ്കിലും വിട്ടുകൊടുത്തില്ല. മാർകോ ലെസ്കോവിച്ചും റുയ്-വാ ഹോർമിപാമും സന്ദീപ് സിങ്ങും ഹർമൻജോത് ഖബ്രയും ഉൾപ്പെട്ട പ്രതിരോധം മിന്നി. അവരുടെ മികച്ചതാരം ഗ്രെഗ് സ്റ്റുവർട്ടിനെ അനങ്ങാൻ വിട്ടില്ല.നിരാശയുടെയും കാത്തിരിപ്പിന്റെയും നാളുകൾക്ക് ഇതോടെ വിട. കന്നി ഐഎസ്‌എൽ ഫുട്‌ബോൾ കിരീടത്തിനരികെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇത് മൂന്നാംവട്ടമാണ് കലാശപ്പോരിന് ബ്ലാസ്റ്റേഴ്സ് യോഗ്യത നേടുന്നത്. നാല് സീസണുകൾക്കുശേഷം ആദ്യമായും. 2014ലെ പ്രഥമ പോരാട്ടത്തിലും 2016ലെ ഫൈനലിൽ എടികെ മോഹൻ ബഗാനോട് തോറ്റും മടങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് പുതിയ കുതിപ്പിന് കളം വരക്കുകയാണിത്തവണ. പോയ നാല് സീസണുകളിലും തീർത്തും മങ്ങി, തുടർത്തോൽവികൾ മാത്രം കണക്കുവെച്ചവരുടെ മധുര പ്രതികാരം. എപ്പോഴും അവസാനക്കാരുടെ നിരയിലാണ് ബ്ലാസ്റ്റേഴ്സ്. പരിശീലകരും കളിക്കാരും മാറിവന്നെങ്കിലും ഇത്തവണ എല്ലാം മായ്‌ക്കുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മാനേജ്‌മെന്റും ഫലപ്രദമായി ഇടപെട്ടു. അഡ്രിയാൻ ലൂണയും അൽവാരോ വാസ്‌കസും ഉൾപ്പെടുന്ന മികച്ച വിദേശ താരങ്ങളെ ടീമിലെത്തിച്ചു. അതിന് ഫലമുണ്ടായി.
ഇന്ത്യക്കാരിൽ പരിചയസമ്പന്നനായ ഹർമൻജോത് ഖബ്രയ്‌ക്കൊപ്പം യുവതാരങ്ങളും എത്തി. എല്ലാത്തിനുംമീതെ സെർബിയയിൽനിന്ന് ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകനും. കളത്തിൽ വുകോമനോവിച്ചിന്റെ സമവാക്യങ്ങൾ ഫലിച്ചു. തുടർജയങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് മുന്നേറി. പ്രാഥമികഘട്ടത്തിൽ 20 കളിയിൽ ഒമ്പതെണ്ണം ജയിച്ചു. ലീഗ് ചരിത്രത്തിലാദ്യമായാണ് ഒറ്റ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് ഇത്രയും മത്സരത്തിൽ ജയംനേടുന്നത്. തോറ്റത് ആകെ നാലെണ്ണത്തിൽ. ഏഴ് സമനിലയും.
നാലാം സ്ഥാനക്കാരായാണ് സെമിയിൽ പ്രവേശിച്ചത്. ഇരുപാദ സെമിയിലും പ്രതീക്ഷ തെറ്റിച്ചില്ല. ഫൈനലിലേക്ക്. ഇരുപതിന് ഫത്തോർദയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. ആദ്യ കിരീടത്തിനായി ബ്ലാസ്‌റ്റേഴ്‌സ് സ്വപ്നം കണ്ടുതുടങ്ങി.