കുഴൽപ്പണം തട്ടിപ്പു കേസ്. ഉത്തരം നൽകാൻ ഇ.ഡി സാവകാശം തേടി

കുഴല്‍പ്പണ തട്ടിപ്പു കേസില്‍ നിലപാടറിയിക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ ഹൈക്കോടതിയില്‍ സാവകാശം തേടി. ഒരാഴ്ച സമയം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് മേരി ജോസഫ് പരിഗണിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍  എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുന്നില്ലന്ന് കാണിച്ചാണ് ഹര്‍ജി. നിയമ സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃശൂര്‍ കൊടകരയില്‍ കാര്‍ അപകടം സൃഷ്ടിച്ച് കള്ള പണം തട്ടിയെന്നാണ് കേസ്.

ഇതിനിടെ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിൽ നിന്നും എഫ് ഐ ആർ വിവരങ്ങൾ ശേഖരിച്ചു. കേസ് എൻഫോഴ്സമെൻ്റിന് കീഴിൽ വരില്ല ആദായ നികുതി വകുപ്പാണ് അന്വേഷിക്കേണ്ടത് എന്ന നിലപാടാണ് ആദ്യം അവർക്കുണ്ടായിരുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഒരാഴ്ച സാവകാശം ചോദിച്ചത്.

Comments

COMMENTS

error: Content is protected !!