ഒന്നര വയസുകാരി കൊല്ലപ്പെട്ട സംഭവം; കുട്ടിയുടെ പിതാവിനും മുത്തശ്ശിക്കുമെതിരെ കേസ്, ഉടൻ അറസ്റ്റ് ചെയ്യും
കൊച്ചി: കലൂരിലെ ഹോട്ടലിൽ ഒന്നര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവ്, ഇയാളുടെ മാതാവ് സിപ്സി എന്നിവർക്കെതിരെ ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യും. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ചവരുത്തിയതിനാണ് നടപടി.
മുത്തശ്ശിയുടെ കാമുകൻ ബിനോയ് ഡിക്രൂസ് ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ സിപ്സിക്ക് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് ബിനോയ് പൊലീസിനോട് പറഞ്ഞത്.
സിപ്‌സിയുമായി ആറു വർഷമായി ബിനോയ് അടുപ്പത്തിലായിരുന്നു.എറണാകുളം നേവൽബേസിലെ താത്കാലിക ജീവനക്കാരനാണ് ഇയാൾ. ഈ മാസം അഞ്ചാം തീയതി മുതല്‍ സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് പേരക്കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന സജീവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്.