താമരശ്ശേരിയിൽ ആറ് പേർ മരിച്ചസംഭവത്തിൽ കല്ലറകൾ തുറന്ന് പരിശോധന നടത്തി

കോഴിക്കോട് താമരശ്ശേരിയിൽ ഉദ്യോഗസ്ഥ ദമ്പതികളുൾപ്പെടെ ആറ് പേർ മരിച്ചസംഭവത്തിൽ കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്നു. സിലിയുടെയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ അടക്കിയ കല്ലറകളാണ് ആദ്യം തുറന്നത്.

 

ആറ് മരണങ്ങളിൽ അവസാനം നടന്ന മരണങ്ങളായത് ഇവരുടെ മരണമായിരുന്നു. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവിയടക്കം 6 അംഗ വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്.

 

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകൻ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകൾ അൽഫോൻസ( 2), അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ (68), എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുക്കുക. 2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടർന്ന് 2016ൽ സിലിയും മരിച്ചു.  റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. മരിച്ച റോയിയുടെ മൃതദേഹം ആറ് വർഷം മുമ്പ് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ വിഷം അകത്തു ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
Comments

COMMENTS

error: Content is protected !!