ഒമിക്രോണിന്റെ പുതിയ വകഭേദം ‘ആര്‍ക്ടറസ്’ ഓസ്‌ട്രേലിയയില്‍ വ്യാപിക്കുന്നു

ഒമിക്രോണിന്റെ പുതിയ വകഭേദം ഓസ്‌ട്രേലിയയില്‍ എക്‌സ്ബിബി.1.16 അതിവേഗം വ്യാപിക്കുന്നുവെന്ന് വിദഗ്ധര്‍. ആര്‍ക്ടറസ് എന്നാണ് ഈ ഉപവകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. രാജ്യത്ത് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്താണ് ആദ്യമായി ഈ വകഭേദം കണ്ടെത്തിയത്. ആശുപത്രി ചികിത്സ ആവശ്യമാകുന്ന തരത്തില്‍ ഗുരുതരമാകുന്നില്ലെങ്കിലും അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതാണ് ഈ വകഭേദമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ 29 രാജ്യങ്ങളില്‍ ആര്‍ക്ടറസ് വൈറസ് സാന്നിധ്യമുണ്ട്.

നേരത്തെയുള്ള കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങള്‍ക്കൊപ്പം ചെങ്കണ്ണും ഈ വകഭേദത്തിന്റെ ലക്ഷണമാണ്. സാധാരണ കോവിഡ് ലക്ഷണങ്ങളായ തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, ചുമ, തളര്‍ച്ച, പേശീവേദന, വയറിനു പ്രശ്‌നം തുടങ്ങിയവയ്‌ക്കൊപ്പം ശക്തമായ പനിക്കും ചെങ്കണ്ണിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളില്‍.

നിലവില്‍ ആശങ്കാജനകമല്ലെങ്കിലും ആരോഗ്യ വിദഗ്ധര്‍ പുതിയ വകഭേദത്തെ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം കൂടുതലായി വ്യാപിക്കുകയാണെങ്കില്‍ അത് ആളുകളുടെ പ്രതിരോധ ശേഷിയെ ബാധിക്കും. അതിനാല്‍ രോഗം നിയന്ത്രിച്ച് നിര്‍ത്തുന്നത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

കോവിഡ് പോസിറ്റീവ് സാമ്പിളുകളില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനകളിലാണ് സമീപകാല വര്‍ദ്ധനയ്ക്ക് കാരണം ആര്‍ക്ടറസ് ആണെന്ന് കണ്ടെത്തിയത്. ഓസ്‌ട്രേലിയയ്ക്കു പുറമേ ഇന്ത്യ, അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ ഉപവകഭേദം രോഗവ്യാപനമുണ്ടാക്കുന്നുണ്ട്.

Comments

COMMENTS

error: Content is protected !!