KERALA

സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. 2022 വർഷത്തെക്കാൾ അയ്യായിരത്തിലധികം ക്രിമിനൽ കേസുകളാണ് 2023 ൽ റിപ്പോർട്ട് ചെയ്തത്. വധശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിലാണ് വലിയ വർദ്ധന ഉണ്ടായിരിക്കുന്നത്.

2022 ൽ സംസ്ഥാനത്ത് ആകെ 2,35,858 ക്രിമിനൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് 2,40,959 ആയി ഉയർന്നു. അതായത് 5,101 അധിക കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം നവംബർ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിസംബർ മാസത്തെ കണക്കുകൾ കൂടി വരുമ്പോൾ എണ്ണം ഇനിയും വർദ്ധിക്കും. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് കേസിന് ആസ്പദമായ ഭൂരിഭാഗം സംഭവങ്ങളും ഉണ്ടായിരിക്കുന്നത്.

2022ൽ 700 വധശ്രമക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഇത് ആയിരത്തോളം അടുത്തു. 918 കേസുകളാണ് കഴിഞ്ഞ വർഷം നവംബർവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മർദ്ദനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 17,174 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഡിസംബറിലെ കണക്ക് പരിശോധിച്ചാൽ വൻ വർദ്ധനവുണ്ട്.  2022 ൽ 8370 തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023 ൽ ഇത് 10,393 കേസുകളായി ഉയർന്നിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും സംസ്ഥാനത്ത് വർദ്ധിച്ചിട്ടുണ്ട്. ഭർതൃവീട്ടിലെ പീഡനവുമായി ബന്ധപ്പെട്ട് 4345 കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. അതേസമയം കൊലക്കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 2022 ൽ 334 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കഴിഞ്ഞ വർഷം അത് 306 ആയി ചുരുങ്ങിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button