KOYILANDILOCAL NEWS
ഒമ്പതാം ക്ലാസുകാരൻ്റെ സാനിറ്റൈസർ ഉപകരണം ശ്രദ്ധേയമാകുന്നു
കൊയിലാണ്ടി: കാല് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഉപകരണം രൂപകല്പന ചെയ്ത് പതിനാല്കാരൻ. കൊറോണ വൈറസിനെതിരെയുള്ള പ്രാഥമിക പ്രതിരോധ നടപടിയെന്ന നിലയിൽ വീടുകളിലും സ്ഥാപനങ്ങളിലും സാനിറ്റൈസർ ഉപയോഗിച്ചു വരുന്നെങ്കിലും ഇതിന്റെ ഫലപ്രദവും ലളിതവുമായ ഉപയോഗരീതിയെക്കുറിച്ചുള്ള ചിന്തയാണ് അനിരുദ്ധ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെ ഇത്തരമൊരു ഉപകരണത്തിന്റെ നിർമ്മാണത്തിന് പ്രേരിപ്പിച്ചത്.കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനിരുദ്ധ് ഹൈസ്കൂൾ തലത്തിൽ പ്രവൃത്തി പരിചയമേളയിൽ സ്ഥിരമായി മെഡൽ ജേതാവ് കൂടിയാണ്. പഠന ശേഷമുള്ള ഒഴിവു സമയങ്ങളിൽ പല പുതിയ ആശയങ്ങളിലും പരീക്ഷണങ്ങൾ നടത്താറുള്ളത് ഈ കുട്ടിശാസ്ത്രജ്ഞന്റെ പതിവാണ്. കാല് കൊണ്ട് പ്രവർത്തിപ്പിക്കുന്ന തന്റെ പുതിയ സാനിറ്റൈസർ ഉപകരണം കൊയിലാണ്ടിയിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കും നിർമ്മാണ ചെലവ് മാത്രം ഈടാക്കി വിതരണം ചെയ്യാൻ അനിരുദ്ധിന് താല്പര്യമുണ്ട്. അധികൃതരുടെ സഹകരണം ഈ വിദ്യാർത്ഥിയുടെ ശാസ്ത്രാഭിരുചിക്ക് മുതൽകൂട്ടാവും. ഗവ: ഗേൾസ് ഹൈസ്കൂളിന് സമീപം പറമ്പത്ത് സുനിൽകുമാറിന്റെയും, സുനിതയുടെയും മകനാണ് അനിരുദ്ധ്.
Comments