ഒരംഗം മാത്രമുള്ള മഞ്ഞക്കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നു
കോഴിക്കോട്: സൗജന്യ റേഷൻ ഭക്ഷ്യധാന്യവും മറ്റാനുകൂല്യങ്ങളും അനർഹർ തട്ടിയെടുക്കുന്നതു തടയാൻ ഒരംഗം മാത്രമുള്ള മഞ്ഞക്കാർഡുകൾ (എ എ വൈ ) സിവിൽ സപ്ലൈസ് അധികൃതർ പൊതുവിഭാഗത്തിലേക്കു മാറ്റുന്നു. സംസ്ഥാനത്തെ 75,000 മഞ്ഞക്കാർഡുകാരുടെ വീടുകളിൽ ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ചശേഷമാകും നടപടി.
എ എ വൈ വിഭാഗത്തിൽ നിലനിർത്തേണ്ട സാഹചര്യമുണ്ടെന്നു ബോധ്യപ്പെടുന്നവർക്ക് പിങ്ക് കാർഡ് അനുവദിക്കും. ബാക്കിയുള്ളവ പൂർണമായും പൊതുവിഭാഗത്തിലേക്കു മാറ്റും. ഒരാൾമാത്രമുള്ള മഞ്ഞക്കാർഡിന്റെ ദുരുപയോഗവും തട്ടിപ്പും ഏറിയതിനെത്തുടർന്നാണ് നടപടി. മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യമാണ് സൗജന്യമായി നൽകുന്നത്. ഒരംഗം മാത്രമുള്ള കാർഡിന് ഇത്രയധികം ആവശ്യമില്ല. അതുകൊണ്ട് അവർക്കു ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ ഏറിയപങ്കും കരിഞ്ചന്തയിലേക്കാണു പോകുന്നത്. സംസ്ഥാനത്തെ 5,87,700 മഞ്ഞക്കാർഡുകളിൽ 75,000 കാർഡുകളും ഒരംഗം മാത്രമുള്ളതാണ്.
ഓപ്പറേഷൻ യെല്ലോയുടെ ഭാഗമായി അനർഹരിൽനിന്ന് മഞ്ഞ, പിങ്ക് കാർഡുകൾ പിടിച്ചെടുക്കാനായി നടത്തിയ പരിശോധനയിലാണ് ദുരുപയോഗം കണ്ടെത്തിയത്. അംഗം മരിച്ചാൽപ്പോലും ബന്ധുക്കളിൽ ചിലർ കാർഡ് കൈവശംവെച്ച് ആനുകൂല്യം നേടുന്നതായും ശ്രദ്ധയിൽപ്പെട്ടു. മൊബൈൽ നമ്പർ ഒ ടി പി ഉപയോഗിച്ചാണ് തട്ടിപ്പ്.
സാമ്പത്തികസ്ഥിതി ഉയർന്നിട്ടും ഒരംഗം മാത്രമുള്ളവർ കാർഡ് തിരിച്ചേൽപ്പിക്കാതെ മറ്റു സർക്കാർ ആനുകൂല്യങ്ങളും നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ പൊതുവിഭാഗത്തിലേക്കു മാറ്റുന്നത്. വീടുകളിലെ പരിശോധനയുടെ ചുമതല റേഷനിങ് ഇൻസ്പെക്ടർമാർക്കാണ്. പരിശോധനാ റിപ്പോർട്ടിൽ പിഴവുണ്ടായാൽ നടപടിയുണ്ടാകും. പരിശോധനയ്ക്കു വിധേയമാക്കിയ മഞ്ഞക്കാർഡുകളുടെ എണ്ണം, പൊതുവിഭാഗത്തിലേക്കു മാറ്റിയതിന്റെ എണ്ണം, മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ അർഹതയുള്ള എ എ വൈ കാർഡുകളുടെ എണ്ണം എന്നിവ അറിയിക്കാൻ ജില്ലാ സപ്ലൈ ഓഫീസർമാരോട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരുന്നവരായതിനാൽ പൊതുവിഭാഗത്തിലേക്കു മാറ്റുന്ന മഞ്ഞക്കാർഡിന്റെ ഒഴിവു നികത്തേണ്ടിവരും. മുൻഗണനാ കാർഡിന് അപേക്ഷിച്ചവരിൽ അർഹരായവരെ അതിലേക്കു പരിഗണിച്ചേക്കും.
അർഹതയുള്ളവർക്ക് പിങ്ക് കാർഡ് നൽകും