പനിക്കാലത്ത് ആശാവര്‍ക്കര്‍മാര്‍ക്കായി ആശ കരുതല്‍ ഡ്രഗ് കിറ്റുകളുമായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ

പനിക്കാലത്ത് ആശാവര്‍ക്കര്‍മാര്‍ക്കായി ആശ കരുതല്‍ ഡ്രഗ് കിറ്റുകളുമായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ.  അത്യാവശ്യ ഘട്ടങ്ങളില്‍ ഫീല്‍ഡ് തലത്തില്‍  പ്രഥമ ശുശ്രൂഷ നല്‍കാനും അടിയന്തിര മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അത് നേരിടാനും വ്യക്തിയെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിൽ എത്തിക്കാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് കിറ്റ് വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. 

സംസ്ഥാനത്ത് 26,125 ആശാവർക്കർമാരാണ് നിലവിലുള്ളത്. പാരസെറ്റമോള്‍ ഗുളിക, പാരസെറ്റമോള്‍ സിറപ്പ്, ആല്‍ബെന്‍ഡാസോള്‍, അയണ്‍ ഫോളിക് ആസിഡ് ഗുളിക, ഒആര്‍എസ് പാക്കറ്റ്, പൊവിഡോണ്‍ അയോഡിന്‍ ഓയിന്റ്മെന്റ്, പൊവിഡോണ്‍ അയോഡിന്‍ ലോഷന്‍, ബാന്‍ഡ് എയ്ഡ്, കോട്ടണ്‍ റോള്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ പത്തിനമാണ് ആശ കരുതല്‍ കിറ്റിലുണ്ടാകുക. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികള്‍ക്ക് മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ, കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ ആശപ്രവർത്തകർ റഫർ ചെയ്യും.

മരുന്നിന്റെ അളവ്, മരുന്നുകള്‍ ഉപയോഗിക്കേണ്ട വിധം എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആശമാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. കെ.എം.എസ്.സി.എല്‍. മുഖേന ആരോഗ്യ സ്ഥാപനങ്ങളിലേക്കാണ് ആശ കരുതല്‍ ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉള്‍പ്പെടുത്തിയ ഇനങ്ങളില്‍ കുറവ് വരുന്നതിന് അനുസരിച്ച് ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റോക്ക് പുനഃസ്ഥാപിക്കണം.

 

Comments

COMMENTS

error: Content is protected !!