ഒരുകോടി തൊഴിൽദിനം;മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായ രണ്ടാംവർഷവും കോഴിക്കോട് ജില്ല

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ല തുടർച്ചയായ രണ്ടാംവർഷവും ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് അടുക്കുന്നു. സാമ്പത്തികവർഷം തീരാൻ 55 ദിവസങ്ങൾ ബാക്കിനിൽക്കെ ജില്ലയിലെ തൊഴിൽദിനങ്ങൾ 88.53 ലക്ഷം പിന്നിട്ടു. ഫെബ്രുവരിയിൽ ലക്ഷ്യമിട്ടത് 88.51 ലക്ഷം തൊഴിൽദിനമാണ്. ഈ ലക്ഷ്യം ഫെബ്രുവരി മൂന്നാംതീയതി തന്നെ മറികടക്കാനായി.1,58,161 കുടുംബങ്ങൾക്കാണ് ജില്ലയിൽ ഈ വർഷം ഇതുവരെ തൊഴിൽ കിട്ടിയത്. ഇതിൽ 14,096 കുടുംബങ്ങൾ 100 തൊഴിൽദിനമെന്ന ലക്ഷ്യം സാക്ഷാത്കരിച്ചു.

2020-21 വർഷത്തിലാണ് ആദ്യമായി കോഴിക്കോട് ഒരുകോടി തൊഴിൽദിനമെന്ന ലക്ഷ്യം മറികടന്നത്. 1,02,40,605 തൊഴിൽദിനമാണ് ആ വർഷം സൃഷ്ടിച്ചത്. കോവിഡും ലോക്ഡൗണും കടുത്ത പ്രതിസന്ധി തീർത്തസമയത്ത് ഇതിനെയെല്ലാം മറികടന്നായിരുന്നു നേട്ടം. 2021-22 വർഷത്തിലും കോവിഡ് ഭീഷണി ഉയർത്തിയെങ്കിലും തൊഴിലുറപ്പ് പദ്ധതി വൈവിധ്യമായ പ്രവൃത്തികളിലൂടെ മുന്നേറി.

ഇതോടെ ഇൗ വർഷത്തെ ലേബർ ബജറ്റായ 94.16 ലക്ഷം തൊഴിൽദിനമെന്ന ലക്ഷ്യം ദിവസങ്ങൾക്കകം നിറവേറ്റും. ശേഷം ബജറ്റ് പുതുക്കുകകൂടി ചെയ്യുന്നതോടെ ഒരുകോടി തൊഴിൽദിനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

 

Comments

COMMENTS

error: Content is protected !!