ഒരു മാസത്തെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി 874 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതില്‍ 768 കോടി രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനും 106 കോടി രൂപ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനും വിനിയോഗിക്കും. 

സംസ്ഥാനത്ത് 60 ലക്ഷത്തിലധികം ആളുകളാണ് 1600 രൂപ വീതമുള്ള ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഇവര്‍ക്കുള്ള മൂന്ന് മാസത്തെ പെന്‍ഷന്‍ തുക മുടങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒരു മാസത്തെ തുകയാണ് വിതരണം ചെയ്യുന്നത്. എല്ലാ മാസവും പെന്‍ഷന്‍ മുടക്കം കുടാതെ വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കുമെന്ന് കഴിഞ്ഞ മാസം ധനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബുധനാഴ്ച്ച മാധ്യമങ്ങളെ കണ്ടത്. നികുതി വിഹിതത്തില്‍ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തില്‍ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോള്‍ 1.92 ശതമാനമായി കുറച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നല്‍കാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിര്‍ത്തിയതും തിരിച്ചടിയായി. ഒപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തതിനെയും ബാലഗോപാല്‍ വിമര്‍ശിച്ചു.

Comments

COMMENTS

error: Content is protected !!