Technology
ഒരു ലക്ഷം മനുഷ്യരുടെ 1 കോടി ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് മൈക്രോസോഫ്റ്റ് രക്ഷപ്പെട്ടു?

ഒരുലക്ഷം മനുഷ്യരുടെ ഒരുകോടിയോളം ചിത്രങ്ങളുള്ള ഫേഷ്യല്‍ റെക്കഗ്നിഷനു (മുഖം തിരിച്ചറിയാനാകുന്ന) വേണ്ടിയുള്ള ഡേറ്റാബേസ് ഒരു സുപ്രഭാതത്തില്‍ മൈക്രോസോഫ്റ്റ് ഡിലീറ്റ് ചെയ്തു. വന്‍കിട ടെക് കമ്പനികളും രാജ്യങ്ങളിലെ പ്രതിരോധ വിഭാഗവുമെല്ലാം ഫേഷ്യല്‍ റെക്കഗ്നിഷന്‍ പരിശീലനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന വിവരശേഖരമായിരുന്നു ഇത്. മൈക്രോസോഫ്റ്റിന്റെ അഭിമാന ചിത്ര ശേഖരം അവര്‍ തന്നെ ഡിലീറ്റ് ചെയ്തത് ഭാവിയിലെ പൊല്ലാപ്പുകളില്‍ നിന്നും രക്ഷപ്പെടാനാണെന്നാണ് സൂചന.
ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയ അന്വേഷണത്തില്‍ മൈക്രോസോഫ്റ്റിന്റെ ഈ ചിത്രശേഖരം നിരവധി കമ്പനികളും പ്രതിരോധ ഗവേഷകരും വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. എംഎസ് സെലിബ്‌സ് എന്നറിയപ്പെടുന്ന ഈ ചിത്രശേഖരം സെലിബ്രിറ്റികളുടെ ഇന്റര്‍നെറ്റിലെ പൊതുവായ ചിത്രങ്ങളുടെ ശേഖരമെന്ന നിലയിലാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സെലിബ്രിറ്റികളല്ലാത്ത സാധാരണക്കാരുടെ ചിത്രങ്ങളും ഇതില്‍ ധാരാളമായുണ്ടെന്നതും ഈ ചിത്രങ്ങളിലുള്ളവരുടെ സമ്മതം വാങ്ങാതെയാണ് അത് ഉപയോഗിച്ചിരുന്നത് എന്നതുമായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ മറ്റൊരു കണ്ടെത്തല്‍.
ആര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ ചിത്രശേഖരങ്ങളിലൊന്നായ എംഎസ് സെലിബ്‌സ് ഗവേഷണങ്ങള്‍ക്കു വേണ്ടി നിര്‍മിച്ചതാണ് എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ വാദം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പകര്‍പ്പവകാശം ഇല്ലാത്ത ചിത്രങ്ങൾ ഉപയോഗിക്കാവുന്ന ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് ഉപയോഗിച്ചായിരുന്നു എംഎസ് സെലിബ്‌സ് ചിത്രശേഖരം നിര്‍മിച്ചത്.
മൈക്രോസോഫ്റ്റ് അവരുടെ അഭിമാന ഡേറ്റാബേസുകളിലൊന്നായ എംഎസ് സെലിബ്‌സിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പിന്‍വലിച്ചതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇക്കാര്യം പിന്നീട് മൈക്രോസോഫ്റ്റ് സ്ഥിരീകരിക്കുകയും ചെയ്തു. ‘തികച്ചും അക്കാദമിക ലക്ഷ്യത്തോടെയാണ് എംഎസ് സെലിബ്‌സ് നിര്‍മിച്ചത്. അത് നിര്‍മിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത ഐടി റിസേര്‍ച്ചര്‍ മൈക്രോസോഫ്റ്റ് വിട്ടു. അതോടെ എംഎസ് സെലിബ്‌സ് പിന്‍വലിക്കുകയായിരുന്നു’ എന്ന വിചിത്ര വിശദീകരണമാണ് മൈക്രോസോഫ്റ്റ് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയിരിക്കുന്നത്.
2016ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി എംഎസ് സെലിബ്‌സ് നിര്‍മിക്കുന്നത്. പിന്നീട് പല കമ്പനികളും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനങ്ങളുടെ പരിശീലനങ്ങള്‍ക്കും മറ്റും ഇത് ഉപയോഗിക്കുകയായിരുന്നു. ഐബിഎം, പാനസോണിക്, അലിബാബ, ഹിറ്റാച്ചി തുടങ്ങി വന്‍കിട കമ്പനികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുമ്പോഴും അങ്ങനെയല്ലായിരുന്നുവെന്നാണ് വസ്തുത. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയറുകളെയും അവയുടെ ഉപയോഗത്തേയും പരസ്യമായി എതിര്‍ക്കുന്നവരുടെ വരെ ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു. അനുമതിയില്ലാതെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്നത് ഭാവിയില്‍ വലിയ കുരുക്കാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് മൈക്രോസോഫ്റ്റ് എംഎസ് സെലിബ്‌സ് ഡിലീറ്റ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്.
Comments