ഒരു വിദ്യാലയം ഗാന്ധിജിയുടെ ജീവിതം വായിക്കുന്നു. സ്വന്തം ഗ്രാമത്തിനൊപ്പം.
ഒരു വിദ്യാലയം ഗാന്ധിജിയുടെ ജീവിതം വായിച്ചു തുടങ്ങുകയാണ്. വായനാ ദിനത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളും ഒപ്പം രക്ഷിതാക്കളും അധ്യാപകരും ഗാന്ധിജിയുടെ ആത്മകഥ വായിക്കും. ഇനി വായിക്കാനാവാത്തവർക്ക് ശബ്ദ രൂപത്തിലും ഗാന്ധിജിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ കേട്ടറിയാം. മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളാണ് ഈ വേറിട്ട പരിപാടി ഒരുക്കുന്നത്. സ്കൂളിന് പുറത്തുള്ളവർക്കും ഗാന്ധിജിയുടെ ആത്മകഥ വായിക്കാനോ കേൾക്കാനോ അവസരമുണ്ട്.
.” ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സാന്നിധ്യം ” എന്ന ടാഗ് ലൈനോടെ ” ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു” എന്ന പേരിലാണ് വായനാ പരിപാടി കൊണ്ടാടുന്നത്. മതേതര ജനാധിപത്യാശായങ്ങൾ ശക്തിപ്പെടുത്താൻ ഗാന്ധിയൻ മൂല്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾക്ക് തുടർച്ചയുണ്ടാവേണ്ടതുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ.എം.എൻ.കാരശ്ശേരി അഭിപ്രായപ്പെട്ടു.
ജൂൺ 19 മുതൽ ഒക്ടോബർ 2 വരെയാണ് ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നത്.വരും ദിവസങ്ങളിൽ ഗാന്ധിജിയുടെ ആത്മകഥ എൻ്റെ സത്യാന്വേഷണ പരീക്ഷകൾ പി ഡി എഫ് രൂപത്തിലും ശബ്ദ രൂപത്തിലും ക്ലാസുകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ ലഭ്യമാക്കും. ഇവ പര്സ്പരം കൈമാറിക്കൊണ്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും കഴിയും.
കലാസാംസ്കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും പ്രഭാഷണങ്ങളും, കവിതകളും, ലേഖനങ്ങളും, നാടകം,സിനിമാ പ്രദർശനം എന്നിവയൊക്കെ ഒക്ടോബർ 2 വരെയുള്ള കാലയളവിനുള്ളിൽ പല ഘട്ടങ്ങളായി സംഘടിപ്പിക്കും. ഗാന്ധിയൻ മൂല്യബോധത്തിലേക്കും, കാഴ്ചപ്പാടുകളിലേക്കും പുതുതലമുറ ഉൾപ്പെടെയുള്ള പൊതു സമൂഹത്ത നയിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ കോലായ വായനവേദി, വിദ്യാരംഗം കലാ സാഹിത്യ വേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ എൻ. ജയന്തി, പി.ടി.എ പ്രസിഡണ്ട്
കെ. രാജീവൻ , കൗമുദി കളരിക്കണ്ടി, അനൻ സൗരെ, വി.പി. ഉണ്ണിക്കൃഷ്ണൻ, ടി.കെ.പ്രമോദ് കുമാർ , എ. സുബാഷ് കാർ, കെ. കെ. സുധീഷ് കുമാർ, എം.വി. പ്രിയംവദ, ചന്ദ്രിക എന്നിവർ സംസാരിച്ചു.