ഒറ്റദിവസത്തേക്ക് മാത്രമായി തന്നെ മുഖ്യമന്ത്രിയാക്കേണ്ടന്ന് ശശി തരൂര്‍ എംപി
ഒറ്റ ദിവസത്തേക്ക് മാത്രമായി തന്നെ മുഖ്യമന്ത്രിയാക്കേണ്ടന്ന് ശശി തരൂര്‍ എംപി. ഒറ്റ ദിവസം കൊണ്ട് മാത്രം ആര്‍ക്കും ലോകത്ത് ഒരു മാറ്റം കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് മാതൃഭൂമി സംഘടപ്പിക്കുന്ന സ്പീക്ക് ഫോര്‍ ഇന്ത്യ സംവാദത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തൊഴിലില്ലായ്മ അനുഭവിക്കുന്ന യുവജനങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് കേരളത്തിലുള്ളവരാണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. 25 വയസ്സില്‍ താഴെയുള്ളവരില്‍ 40ശതമാനം യുവജനങ്ങള്‍ക്കും തൊഴിലില്ല. യുവാക്കളുടെ ശേഷി കേരളം വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല. ജോലി ലഭിക്കാതെ അഭ്യസ്തവിദ്യർ നാടുവിട്ടു പോവുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ പോലെ അക്കാദമിക് -വ്യവസായ സഹകരണം ഇവിടെയില്ലെന്ന് കുറ്റപ്പെടുത്തിയ തരൂര്‍ ബിരുദം നേടിയാല്‍ ജോലി കിട്ടാനുള്ള അവസരങ്ങളുണ്ടാവണം എന്നും ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കമ്പനികള്‍ക്കുമൊക്കെ പങ്കാളിത്തവും പ്രയോജനവുമുള്ള പദ്ധതികള്‍ കൊണ്ടുവരണം. ഇതൊക്കെ നടപ്പിലാക്കാന്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമം നടത്തി സര്‍ക്കാര്‍ വേണ്ട രീതിയില്‍ ഇടപെടണമെന്നും പറഞ്ഞു.