ഒറ്റ ക്ലിക്കിൽ കൃഷിയിടം നനയ്ക്കാം; ബ്ലിങ്ക് ആപ്പുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്
ദൂരെ നിന്നും ചെടികൾ നനയ്ക്കാനും വളം നൽകാനുമുള്ള സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്ന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ‘ഐ ഒ ടി ഫാർമിങ്’ സ്റ്റാൾ കൗതുകമാവുന്നു. സംസ്ഥാന സർക്കാരിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന നഗരിയിലാണ് ചെറിയ പൈപ്പിലൂടെ വെള്ളവും വളവും നൽകുന്ന മാതൃക ഒരുക്കിയിട്ടുള്ളത്.
അത്തോളി ഗ്രാമപഞ്ചായത്തിലെ ഹരികൃഷ്ണൻ എന്ന എഞ്ചിനീയറാണ് ഈ സാങ്കേതിക വിദ്യക്ക് പിന്നിൽ.ബ്ലിങ്ക് എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ഒരൊറ്റ ക്ലിക്കിലൂടെ നനവും വളവും എത്തിക്കുന്ന ഡ്രിപ് ഇറിഗേഷൻ സിസ്റ്റത്തിൽ ടൈമർ വരെ സെറ്റ് ചെയ്യാനാവും. ഹരി കൃഷ്ണന്റെ ഒരേക്കർ സ്ഥലത്ത് ഈ മാതൃക പരീക്ഷിച്ചു വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഇത് പരിചയപ്പെടുത്തുന്നത്.
താപനില, ഈർപ്പം, മണ്ണിന്റെ പി എച്ച് മൂല്യം എന്നിവ നിരീക്ഷിക്കാൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം .കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും ഇത് അപ്ഡേറ്റ് ചെയ്യുവാനും നവീകരിക്കുവാനും കഴിയും. ഒരേക്കർ കൃഷിയിടത്തിൽ ഈ സാങ്കേതിക വിദ്യ സ്ഥാപിക്കുന്നതിന് ഭൂപ്രകൃതി, ജല സ്രോതസ്സ്, മണ്ണിന്റെ ഘടന എന്നിവ അനുസരിച്ച് 1-2 ലക്ഷം രൂപയാണ് ചെലവ് വരുക.