KERALA

ഒഴിവുണ്ടാവുന്ന എൻജിനീയറിങ് സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്

ഒഴിവുണ്ടാവുന്ന എൻജിനീയറിങ് സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനീയറിങ് കോളജുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം. പ്ലസ് ടുവിന് 45 ശതമാനം മാർക്കുള്ളവർക്ക് പ്രവേശനം ലഭിക്കും. 

പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ് നൽകിയത്. ഇതുപ്രകാരം എൻട്രൻസ് കമ്മിഷണർ പ്രോസ്പെക്ടസ് ഭേദഗതി ചെയ്യും. എൻആർഐ ക്വോട്ടയിലൊഴികെ എൻട്രൻസ് യോഗ്യത നേടാത്തവർക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല.

പ്ലസ്ടു മാർക്കും എൻട്രൻസ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10മാർക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുൾപ്പെടൂ. ഇതുപോലും ലഭിക്കാത്തവർക്കും, എൻട്രൻസ് പരീക്ഷയെഴുതാത്തവർക്കും ഇനി പ്രവേശനം കിട്ടും. ഈ വിദ്യാർത്ഥികളുടെ പട്ടിക സാങ്കേതിക സർവകലാശാല അംഗീകരിക്കണം.

ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടുവിന് 45ശതമാനം മാർക്കോടെ വിജയമാണ് പ്രവേശനത്തിനുള്ള എഐസിടിഇ മാനദണ്ഡം. സാങ്കേതിക സർവകലാശാലയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45ശതമാനം വീതം മാർക്കും മൂന്നും കൂടി ചേർന്ന് 50 ശതമാനം മാർക്കും വേണം. സർക്കാർ ഉത്തരവിൽ എഐസിടിഇ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിച്ചതിനാൽ പ്ലസ്ടു മാർക്കിന്റെ യോഗ്യതയിലും ഇളവായിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button