കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ജിഎസ്ടി ട്രിബ്യൂണലുകൾ സ്ഥാപിക്കാൻ തീരുമാനം.
കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും നികുതി തർക്കപരിഹാരങ്ങൾക്കായി ജിഎസ്ടി ട്രിബ്യൂണലുകൾ സ്ഥാപിക്കാൻ തീരുമാനം. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ജി.എസ്.ടി കൗൺസിലിന്റെ അമ്പതാം യോഗത്തിലാണ് നിർണായക തീരുമാനം വന്നിരിക്കുന്നത്.
ഘട്ടംഘട്ടമായിട്ടായി രാജ്യത്താകെ 50 ജി.എസ്.ടി ബെഞ്ചുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ തലസ്ഥാന നഗരങ്ങൾക്കും ഹൈക്കോടതി ബെഞ്ചുകളുള്ള നഗരങ്ങൾക്കുമാണ് പ്രാധാന്യം.
കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാകും ട്രിബ്യൂണലുകൾ വരുകയെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. ജുഡീഷ്യൽ പ്രതിനിധിയും നികുതി വിദഗ്ധയുമടങ്ങുന്ന രണ്ടംഗ ബെഞ്ചാകും കേരളത്തിൽ വരുന്നത്. പരാതികളുടെ ബാഹുല്യമുണ്ടെങ്കിൽ കൂടുതൽ ട്രിബ്യൂണൽ അനുവദിച്ചേക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വരുന്ന ഓഗസ്റ്റിൽ വിജ്ഞാപനമിറങ്ങിയേക്കും.