CALICUTMAIN HEADLINES
ഓണം :പെൻഷൻ വിതരണം ശനിയാഴ്‌ച തുടങ്ങും
പ്രളയം തകർത്ത കേരളത്തിൽ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പൊന്നോണമൊരുക്കുകയാണ് സർക്കാർ. ദുരിതാശ്വാസ സഹായങ്ങൾക്കുപുറമെ ഓണത്തിനുമുമ്പ് ജില്ലയിൽ വിതരണം ചെയ്യുന്നത് 4,16,919 പേരുടെ സാമൂഹ്യ ക്ഷേമ പെൻഷൻ. ഇതിൽ 2,66,313 സ്‌ത്രീകളും 1,50,598 പുരുഷന്മാരും ഉൾപ്പെടും.
കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്നവർ 36,062, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ–- 2,26,714, ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷൻ സ്കീമിൽ–– 32,307. അമ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ–- -7085, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ സ്കീം–-1,14,751 എന്നിങ്ങനെയാണ് പെൻഷൻ നൽകുന്നത്.
നഗരപരിധിയിൽനിന്ന് 1,11,968 പേർ സാമൂഹ്യപെൻഷന് അർഹരായപ്പോൾ പഞ്ചായത്തുകളിൽനിന്ന് 3,04,951 പേരാണ് അർഹത നേടിയത്. കൊച്ചി കോർപറേഷനിൽനിന്ന് 33,817 സ്‌ത്രീകളും 17,610 പുരുഷന്മാരുമടക്കം 51,427 പേർക്കാണ് വിതരണം ചെയ്യുന്നത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽപേർ പെൻഷൻ വാങ്ങുന്നത്–- 8610. 1597 പേരുള്ള ആലുവ നഗരസഭയാണ് ഏറ്റവും കുറവ് പെൻഷൻ നൽകുന്നത്.
മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷ– ക്ഷേമ പെൻഷനുകളാണ് സർക്കാർ വിതരണം ചെയ്യുന്നത്. ഒരാൾക്ക് കുറഞ്ഞത് 3600 രൂപവീതമുണ്ടാകും. ഗുണഭോക്താക്കളുടെ താൽപ്പര്യപ്രകാരം നേരിട്ടോ ബാങ്കുവഴിയോ ആണ് വിതരണം. 29 മുതൽ അക്കൗണ്ടുകളിൽ നേരിട്ടെത്തും. പ്രാഥമിക സഹകരണസംഘങ്ങൾ വഴി പെൻഷൻ വിതരണം ശനിയാഴ്‌ച തുടങ്ങും.
Comments