മരുതോങ്കരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പനി ശ്വാസകോശങ്ങളെ ബാധിക്കുന്ന നിപയെന്ന് സംശയം; വ്യാപനശേഷി കൂടുതൽ; ജനങ്ങൾ ജാഗ്രത പുലർത്തണം

ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

കോഴിക്കോട്: നിലവില്‍ മരുതോങ്കരയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപയെന്ന് കരുതുന്ന പനി ബാധ ശ്വാസകോശത്തെ ബാധിക്കുന്നതായതിനാൽ വ്യാപന സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ ജാഗ്രത പുലർത്തണം. രോഗികള്‍ക്ക് ചുമയും ശ്വാസ തടസ്സവുമുണ്ടാകുന്നത് വ്യാപന സാധ്യത കൂട്ടുന്നതിന് കാരണമാകും. നേരത്തെ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ തലച്ചോറിനെ ബാധിക്കുന്നതായിരുന്നു. ഇതിന് വ്യാപനസാധ്യത കുറവായിരുന്നു.


നിപാബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

  

ഓഗസ്റ്റ് 30ന് പനി ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ള മറ്റുള്ളവർ. സ്വകാര്യ ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്. മരിച്ച രോഗികളുമായി സമ്പർക്കത്തിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി.

നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി വരികയാണ്. ഓഗസ്റ്റ് 30ന് ആദ്യ രോഗി മരിക്കുന്നത് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലും രണ്ടാമത്തെ രോഗിയുടെ മരണം കോഴിക്കോട് മിംസിലുമായിരുന്നു. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലവിൽ വന്നു. ആരോഗ്യ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗമാണ് കോഴിക്കോട്ട് നടക്കുന്നത്. ഡി എം ഒയാണ് അടിയന്തിര യോഗം വിളിച്ചത്.

Comments

COMMENTS

error: Content is protected !!