ഓണക്കിറ്റ് 31 മുതൽ. മിഠായി മുതൽ സോപ്പ് വരെ
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി സൗജന്യമായാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. ഓഗസ്റ്റ് 16നകം വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ഓഗസ്റ്റ് 21 നാണ് തിരുവോണം. ജൂണിലെ കിറ്റ് വിതരണം ഇരുപത്തിയെട്ടോടെ അവസാനിപ്പിക്കാനും ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ റേഷൻകടകൾക്ക് നിർദേശം നൽകി.
മഞ്ഞ കാർഡുടമകൾക്ക് (എഎവൈ) 31 മുതൽ ഓഗസ്റ്റ് രണ്ടു വരെയും പിങ്ക് കാർഡുകാർക്ക് (പിഎച്ച്എച്ച്) ഓഗസ്റ്റ് നാലു മുതൽ ഏഴു വരെയും നീല കാർഡുകാർക്ക് (എൻപിഎസ്) ഒൻപതു മുതൽ 12 വരെയും വെള്ളകാർഡുകാർക്ക് 13,14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക. 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണത്തെ ഓണക്കിറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
മിഠായി ഉൾപ്പടെ 13 ഐറ്റമാണ് ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നത്. ഏകദേശം 440 രൂപയുടെ സാധനങ്ങൾ ഉൾപ്പെടുന്നതാണ് കിറ്റ്. സാധനങ്ങൾ കിറ്റാക്കി എത്തിക്കുന്നത് ഉൾപ്പടെയുള്ള കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 488.95 രൂപയാകും. ഓരോ കിറ്റിനും വിതരണം ചെയ്യുന്ന റേഷൻ കട ഉടമയ്ക്ക് അഞ്ച് രൂപ കമ്മീഷൻ നൽകാനുമാണ് തീരുമാനം. മൊത്തം 420.50 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
സപ്ലൈകോ നൽകിയിരിക്കുന്ന ശുപാർശ ലിസ്റ്റ് പ്രകാരം കിറ്റിലെ സാധനങ്ങൾ ഇവയാണ്:
- സേമിയ ( 18 രൂപയുടെ ഒരു കവർ )
- മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്)
- ഗോതമ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, 43 രൂപ)
- വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റർ, 106 രൂപ)
- പഞ്ചസാര (ഒരു കിലോ, 39 രൂപ)
- തേയില (100 ഗ്രാം, 26.50 രൂപ)
- സാമ്പാർ പൊടി ( 100 ഗ്രാം, 28 രൂപ)
- മുളക് പൊടി ( 100 ഗ്രാം , 25 രൂപ)
- മല്ലിപ്പൊടി (100 ഗ്രാം, 17 രൂപ)
- മഞ്ഞൾപ്പൊടി (100 ഗ്രാം,18 രൂപ)
- ചെറുപയർ/ വൻപയർ (അരക്കിലോ, 44 രൂപ)
- ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്)
- ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്)
ഇവയെല്ലാം ഇട്ടു നൽകുന്ന 12 രൂപ വിലയുള്ള തുണി സഞ്ചി കൂടി ഉൾപ്പെടുന്നതാണ് കിറ്റ്.