Uncategorized

ഓണത്തോട് അനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും

ഓണത്തോട് അനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും. ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും നൽകും.

ഖാദി ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് വൈകീട്ട് മൂന്നുമണിക്ക് വ്യവസായ മന്ത്രി രാജീവ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുമെന്ന് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ ഓണത്തിന് ‘പാപ്പീലിയോ’ എന്ന ബ്രാൻഡ് നെയിമിൽ ഉള്ള ഡിസൈനർ വസ്ത്രങ്ങളാണ് മുഖ്യ ആകർഷണം.

ദുബായിലേക്കും ഇറ്റലിയിലേക്കും ഖാദി വസ്ത്രങ്ങൾ കയറ്റി അയക്കുന്നതിന്റെ പ്രാരംഭ ചർച്ച നടക്കുകയാണെന്ന് ജയരാജൻ പറഞ്ഞു. ഇറ്റലിയുടെ പ്രതിനിധി ആലപ്പുഴ റെഡിമെയ്ഡ് യൂണിറ്റ് സന്ദർശിച്ചിരുന്നു. 

കൂടാതെ ആയുർവേദ ഉൽപ്പന്നങ്ങൾ, ക്യാരിബാഗ്, തേൻ, ചെറുതേൻ, മരചക്കിൽ ആട്ടിയ നല്ലെണ്ണ, ഓർഗാനിക് സോപ്പുകൾ, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയും ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തും. ഇതിന്റെ ഭാഗമായി പാപ്പനംകോട് കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ റിസർച്ചുമായും(CIR) കോഴിക്കോട് മർകസിലെ നോളജ് സിറ്റിയുമായും ഖാദിബോർഡ് ബുധനാഴ്ച ധാരണാപത്രം ഒപ്പിട്ടു. പ്രകൃതിയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാങ്കേതിക പിന്തുണയാണ് സി.ഐ.ആർ നൽകുക. നോളജ് സിറ്റിയിൽ വനിതകൾക്കായി വീവിങ് യൂണിറ്റാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്.

ഖാദി ബോർഡ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ ഖാദി ആണെന്നും ഇതിനെതിരെ ‘കേരള ഖാദി’ എന്ന ലോഗോ പുറത്തിറക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഖാദിബോർഡ് മെമ്പർമാരായ കെ. എസ്. രമേശ് ബാബു, സാജൻ തോമസ്, സോണി കോമത്ത്(ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ്) സെക്രട്ടറി കെ. എ. രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button