ബ്രഹ്‌മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റിയിൽ 2.20 കോടി രൂപയുടെ അനധികൃത നിക്ഷേപം: നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യം

കല്‍പ്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ളതും പ്രവര്‍ത്തനം ഭാഗികമായി നിലച്ചതുമായ ബ്രഹ്‌മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റിയില്‍ 11 സഹകരണ സ്‌ഥാപനങ്ങള്‍ അനധികൃതമായി 2.20 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ബോധ്യപ്പെട്ടതായും ഇതില്‍ നടപടി വേണമെന്നും കെപിസിസി എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം കെ എൽ പൗലോസ്‌, ഷാജി ചുള്ളിയോട്‌, കോണ്‍ഗ്രസ്‌ നെന്‍മേനി മണ്ഡലം പ്രസിഡന്റ്‌ കെ കെ പോള്‍സണ്‍, ഐഎനടിയുസി ജില്ലാ സെക്രട്ടറി ആർ ശ്രീനിവാസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ വയനാട്‌ ജില്ലാ സെക്രട്ടറി ഷാജി ചുള്ളിയോടിന്‌ സഹകരണ വകുപ്പില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ്‌ 11 സംഘങ്ങള്‍ ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതായി വ്യക്‌തമായത്‌. സിപിഎം നിയന്ത്രണത്തിലുള്ളതാണ്‌ ഈ സംഘങ്ങള്‍. 1969ലെ കേരള സഹകരണ നിയമം വകുപ്പ്‌ 57ന്‌ വിരുദ്ധമായാണ്‌ ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. നിക്ഷേപം സംബന്ധിച്ച്‌ സംഘങ്ങളുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നും ഫണ്ട്‌ അടിയന്തരമായി പിന്‍വലിക്കേണ്ടതാണെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്‌. അംഗങ്ങളുടെ അംഗീകാരമില്ലാതെയും സഹകരണ വകുപ്പിന്റെ അനുമതി വാങ്ങാതെയും ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ സംഘം ഭരണ സമിതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെടുന്നത്‌. നിയമവിരുദ്ധമായും അംഗങ്ങളെ കബളിപ്പിച്ചും ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയ സംഘം ഭരണസമിതികള്‍ക്ക്‌ തുടരാന്‍ അര്‍ഹതയില്ല. അനധികൃതമായി നിക്ഷേപിച്ച പണം സംഘം ഭരണസമിതി അംഗങ്ങളില്‍നിന്നു തിരിച്ചുപിടിക്കാന്‍ സഹകരണ വകുപ്പ്‌ തയാറാകണം. നിക്ഷേപം ഇനത്തില്‍ 600ല്‍പരം ആളുകള്‍ക്കു 60 കോടിയില്‍പരം രൂപയാണ്‌ സൊസൈറ്റി നല്‍കാനുള്ളത്‌. നിക്ഷേപം തിരികെ കിട്ടാത്തവര്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ നല്‍കിയ പരാതികള്‍ പോലീസിനു വിട്ടിരിക്കയാണ്‌. നിക്ഷേപകരില്‍ ചിലര്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നും കെ എൽ പൗലോസ്‌ പറഞ്ഞു.

Comments
error: Content is protected !!