KERALA

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചതിന് പുറത്താക്കിയ തൊഴിലാളികളെ തിരിച്ചെടുത്തു;മേയർ ആര്യ രാജേന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് തീരുമാനം

തിരുവനന്തപുരം: ഓണാഘോഷ ചടങ്ങിൽ പ​ങ്കെടുപ്പിക്കാതെ മാലിന്യം നീക്കാൻ പറഞ്ഞയച്ചതിൽ പ്രതിഷേധിച്ച് ഭക്ഷണം മാലിന്യത്തിലെറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരെ തിരുവനന്തപുരം കോർപറേഷൻ എടുത്ത നടപടി പിൻവലിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സിപിഎം ജില്ലാ നേതൃത്വവും നടത്തിയ ചർച്ചയിലാണ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.ഈ നടപടിയാണ് സിപിഎം നിർദേശത്തെ തുടർന്ന് കോർപ്പറേഷൻ പിൻവലിച്ചത്.

ഓടയിലേക്ക് ഭക്ഷണം കളഞ്ഞ കുറ്റത്തിന് ജോലി നഷ്ടമായ സന്തോഷ് എഴുതിയ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ”ഭക്ഷണം വലിച്ചെറിഞ്ഞ അഹങ്കാരിക്കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്ത് പറയാനാണ്? അവർക്ക് അറിയില്ലല്ലോ ഞങ്ങളുടെ ദുരിതം. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കുമാണ് ഞങ്ങൾ ജോലിക്ക് വരുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ ഞങ്ങൾ ഓണപരിപ്പാടിക്കായി അനുമതി വാങ്ങിയിരുന്നു. അത്യാവശ്യമുള്ള ജോലികളെല്ലാം തീർത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. ഇതുപ്രകാരം രാവിലെ നാലുമണിക്ക് തന്നെ ഞങ്ങൾ ഡ്യൂട്ടിക്ക് കയറി. വേഗം തീർത്ത് വരാമല്ലോ എന്നായിരുന്നു ചിന്ത. വാർഡിലെല്ലാം പോയി മാലിന്യമെല്ലാം നീക്കിയിരുന്നു. അത്യാവശ്യം ചെയ്യേണ്ട പണികളൊന്നും ഞങ്ങൾ മുടക്കിയിരുന്നില്ല. ഇതെല്ലാം കഴിഞ്ഞ് ഓഫിസിൽ ഏഴ് മണിക്ക് എത്തിയപ്പോഴാണ് ടിപ്പറിൽ പോയി ഓടയിലെ മാലിന്യം നീക്കണമെന്ന പറയുന്നത്. പിറ്റേന്ന് ഞായറാഴ്ചയാണെന്നും അന്ന് ഞങ്ങൾ ആ പണി ചെയ്തോളാമെന്നും സാറിനോട് കഴിവതും പറഞ്ഞു നോക്കിയിരുന്നു. പോണമെന്നായിരുന്നു നിർബന്ധം. നിവൃത്തിയില്ലാതെ ഞങ്ങൾക്ക് ടിപ്പറിൽ പോവേണ്ടി വന്നു. തലേ ദിവസം മഴ പെയ്തതിനാൽ വെള്ളത്തിൽ കുതിർന്ന നിലയിലായിരുന്നു കോഴി വേസ്റ്റടക്കം. ഞങ്ങൾ ആ അഴുക്ക് വെള്ളത്തിൽ ആകെ കുതിർന്ന് പോയി. ഓഫിസിൽ എത്തിയപ്പോഴേക്ക് ഞങ്ങൾ നാറിപ്പോയിരുന്നു. ഡ്രസ് മാറ്റി കുളിച്ച് വരാനുള്ള സൗകര്യമൊന്നും ഓഫിസിൽ ഇല്ല. വേണമെങ്കിൽ കൈയും കാലും കഴുകാം അത്ര മാത്രം. പക്ഷേ അഴുക്കിൽ പൊതിഞ്ഞ് നിൽക്കുന്ന ഞങ്ങളെങ്ങനെയാണ് ഈ ഭക്ഷണം കഴിക്കുക, ഞങ്ങൾ ഇത് പുറത്ത് ആർക്കെങ്കിലും കൊടുത്താൽ വാങ്ങിക്കുമോ. വേറെ നിവൃത്തിയില്ലാതെയാണ് ഞങ്ങൾ ഭക്ഷണം ബിന്നിൽ ഉപേക്ഷിച്ചത്. വഴിയിൽ തള്ളാതെ വേണ്ട വിധം സംസ്കരിക്കുകയാണ് ഞങ്ങൾ ചെയ്തത്. ചങ്ക് പിടച്ചിട്ടാ ഞങ്ങൾ മുദ്രാവാക്യം വിളിച്ചത്. അതെങ്കിലും ഞങ്ങൾ ചെയ്യേണ്ട. ഞങ്ങളൊക്കെ പാവങ്ങളാണ്. പിടിത്തം കഴിഞ്ഞ് കിട്ടുന്ന പൈസ കൊണ്ട് അരിഷ്ടിച്ചാണ് ജീവിതം. അതിൽനിന്ന് ഒരു വിഹിതം എടുത്താണ് ഒരു നേരത്തെ സദ്യ കഴിക്കാൻ നിന്നത്. ഇപ്പോൾ ഞങ്ങൾ അഹങ്കാരികൾ. ഞങ്ങളുടെ ചങ്ക് കത്തുന്നത് ആർക്കും കാണണ്ടല്ലേ. ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലെന്നുണ്ടോ” എന്നിങ്ങനെയായിരുന്നു കുറിപ്പ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button