‘ഓണാഘോഷം ആനവണ്ടിയോടൊപ്പം’ കെഎസ്ആർടിസിയുടെ ഓണം ബജറ്റ് യാത്ര നാളെ തുടങ്ങും
ഓണാഘോഷം ആനവണ്ടിയോടൊപ്പം എന്ന പേരിൽ കെഎസ്ആർടിസിയുടെ ഓണം ബജറ്റ് യാത്ര നാളെ തുടങ്ങും. കോഴിക്കോട്, താമരശ്ശേരി ഡിപ്പോകളിൽ നിന്നു വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രത്യേക സർവീസുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ 7നു കോഴിക്കോടു നിന്നു മൂന്നാറിലേക്കുള്ള യാത്രയോടെയാണ് സർവീസ് ആരംഭിക്കുക.
അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമൂഴി ഡാം വഴി മൂന്നാറിൽ എത്തി രാത്രി അവിടെ തങ്ങുകയും പിറ്റേന്നു മൂന്നാറിലെ കാഴ്ചകൾ കണ്ട ശേഷം രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ കോഴിക്കോട്ട് തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് യാത്ര. 13 നു വയനാട്, നെല്ലിയാമ്പതി. 14 നു ഗവി, പരുന്തൻപാറ. 15 നു സൈലന്റ് വാലി.
17 ന് ആറന്മുള വള്ളസദ്യ എന്നിങ്ങനെയാണ് മറ്റു സർവീസുകൾ. മൂന്നാർ, മാമലക്കണ്ടം വഴി ജംഗിൾ സവാരിയും നടത്തുന്നുണ്ട്.31 നു വാഗമൺ ട്രിപ്പോടെ സമാപിക്കുന്ന ഓണം ബജറ്റ് യാത്രയിൽ മൊത്തം 16 സർവീസുകളാണ് ഉള്ളത്. താമസവും ഭക്ഷണവും അടക്കമുള്ള യാത്രാ പാക്കേജുകളും ഒരുക്കുന്നുണ്ട്. ബുക്കിങ്ങിന്: 98461 00728.