ഓണാഘോഷം; കായിക മത്സരങ്ങള്‍ക്കൊരുങ്ങി കോഴിക്കോട്
ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കളരിപ്പയറ്റ്, അമ്പെയ്ത്ത്, കമ്പവലി, പട്ടം പറത്തല്‍, വുഷു തുടങ്ങി വ്യത്യസ്തങ്ങളായ കായികയിനങ്ങളാണ് ഓണനാളുകളില്‍ ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 27ന് മാനാഞ്ചിറയില്‍ നടക്കുന്ന കമ്പവലിയോട് കൂടി മത്സരങ്ങള്‍ക്ക് തുടക്കമാവും. ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കമ്പവലിയില്‍ പങ്കാളികളാകും. വൈകുന്നേരം അഞ്ചുമണിക്ക് ബീച്ചില്‍ പട്ടം പറത്തല്‍ മത്സരവും ഒരുക്കിയിട്ടുണ്ട്. 28ന് വൈകുന്നേരം അഞ്ചുമണിക്ക് മാനാഞ്ചിറയില്‍ അമ്പെയ്ത്ത് മത്സരം നടക്കും.
30 ന് വൈകുന്നേരം അഞ്ച് മണിക്ക് ബീച്ചില്‍ ബീച്ച് വോളി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ചെയര്‍, നാരങ്ങ സ്പൂണ്‍ മത്സരങ്ങളും ഇതേ വേദിയിലെ സ്റ്റേജില്‍ കളരിപ്പയറ്റും നടക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മാനാഞ്ചിറയിലെ സ്റ്റേജില്‍ വുഷു മത്സരവും നടക്കും.