ഓണാഘോഷ പരിപാടിയിൽ മാവേലിയായി വേഷം കെട്ടി സുനിത ശ്രദ്ധേയയായി
കൊയിലാണ്ടി: ഓണാഘോഷ പരിപാടിയിൽ മാവേലി വേഷം കെട്ടി വന്ന യുവതി ശ്രദ്ധേയയായി. കുടുംബശ്രീ ഹോം ഷോപ്പി സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ ഓണാഘോഷ പരിപാടിയിലാണ് നടുവണ്ണൂർ കോട്ടൂർ നെല്ല്യാശ്ശേരി സുനിത മാവേലി വേഷം ധരിച്ചെത്തി സദസ്യരുടെ ശ്രദ്ധ നേടിയത്.
കുടവയറുള്ള പുരുഷന്മാർ മാത്രം കുത്തകയാക്കി വെച്ച മാവേലി വേഷത്തിന്റെ പുനരാവിഷ്കരണത്തിലൂടെ സുനിത സ്ത്രീ ശാക്തീകരണത്തിന്റെ പഴയ മുഖം പൊളിച്ചടുക്കുകയായിരുന്നു. നേരത്തെ കോട്ടുർ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിലും സുനിതയുടെ മാവേലി വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചെറുപ്പം മുതൽ ഡാൻസ് – നാടകരംഗങ്ങളിൽ ഈ കലാകാരി സജീവമായിരുന്നു. രണ്ട് വർഷമായി ഓണാഘോഷത്തോടനുബന്ധിച്ച് സുനിത മാവേലി വേഷമണിഞ്ഞു വരുന്നുണ്ട്. കുടുംബശ്രീ ഹോം ഷോപ്പിൻ്റെ കന്നൂര് ഓഫീസിലെ ജീവനക്കാരിയും കലാരംഗത്ത് പ്രശസ്തനായ നെല്ല്യാശ്ശേരി ബാലകഷ്ണന്റെ മകളുമാണ്. ഭർത്താവ് അനിൽകുമാർ വിമുക്തഭടനാണ്. ഇപ്പോൾ കൊല്ലത്ത് സ്റ്റേറ്റ് ഫാം കോർപ്പറേഷനിൽ പ്രവർത്തിക്കുന്നു. ശ്രീഹരി, ശ്രീരശ്മി എന്നിവർ മക്കളാണ്.