ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
മലപ്പുറം: ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. മലപ്പുറം പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മങ്കട വടക്കാങ്ങര സ്വദേശിനി നല്കിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ കാസനോവയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍കൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ‘വിഐപി ഇന്‍വെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ റംലയുടെ സഹോദരന് റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യൂട്യൂബ് ട്രേഡിങ് വീഡിയോകള്‍ വഴി തങ്ങളുടെ വാട്സാപ് ഗ്രൂപ്പ് ലിങ്കുകള്‍ പ്രചരിപ്പിച്ച് ഒട്ടേറെ ആളുകളെ കൂട്ടായ്മയില്‍ ചേര്‍ത്ത് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.